ദുബൈ പൊലീസ്​ പിടികൂടിയ മയക്കുമരുന്ന്​ കടത്ത്​ സംഘം

മയക്കുമരുന്ന്​ കടത്ത്​: ദുബൈയിൽ ഏഴംഗസംഘം പിടിയിൽ

ദുബൈ: നഗരത്തിൽ വൻ മയക്കുമരുന്ന്​ വേട്ട. ഏഴംഗ ക്രിമിനൽ സംഘം ദുബൈ പൊലീസ്​ പിടിയിലായി. 26 കിലോ മയക്കുമരുന്നും 27,913 ട്രമഡോൾ ഗുളികകളും പിടിച്ചെടുത്തു. മാരക രാസ ലഹരിയായ ക്രിസ്റ്റൽ മെത്ത്​, ഹഷീഷ്​ ഓയിൽ, കഞ്ചാവ്​ എന്നിവ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയവയിൽ ഉൾപ്പെടുമെന്ന്​ ദുബൈ പൊലീസ്​ അറിയിച്ചു. സംഘത്തെ നിയന്ത്രിച്ചിരുന്നത്​ വിദേശത്ത്​ നിന്നുള്ളയാളാണ്​.

പ്രതികളെല്ലാം ഏഷ്യൻ വംശജരാണ്​. പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇവർ മയക്കുമരുന്നുകൾ ഉപേക്ഷിച്ചിരുന്നത് പലയിടങ്ങളിലായിട്ടായിരുന്നു​. രഹസ്യ വിവരത്തെ തുടർന്ന്​ നടത്തിയ വിപുലമായ അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ്​ ​പ്രതികൾ പിടിയിലായത്​. ദിവസങ്ങളായി ഒന്നാം പ്രതിയുടെ നീക്കങ്ങൾ പൊലീസ്​ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന്​ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രിസ്റ്റൽ മെത്ത്​ കൈവശം വെച്ചതായി കണ്ടെത്തി.

രണ്ട്​ വിത്യസ്ത സ്ഥലങ്ങളിലായി ഒരു കിലോഗ്രാം മയക്ക്​മരുന്ന്​ അടങ്ങുന്ന പാക്കറ്റുകൾ വിതരണം ചെയ്യാൻ വിദേശത്തു നിന്നുള്ള സംഘത്തലവന്‍റെ നിർദേശം ഇയാൾക്ക്​ ലഭിച്ചിരുന്നു. ഇത്​ മനസിലാക്കിയ പൊലീസ്​ നടത്തിയ ആസൂത്രിത നീക്കമാണ്​ ബാക്കിയുള്ള ആറ്​ പേരുടെയും അറസ്റ്റിലേക്ക്​ നയിച്ചത്​. രണ്ട്​ വിത്യസ്ത സ്ഥലങ്ങളിലായി ഇയാൾ ഒളിപ്പിച്ച മയക്ക്​മരുന്ന്​ എടുക്കാനായി എത്തുമ്പോഴാണ്​ ആറ്​ പേരും പിടിയിലാകുന്നത്​.

ആവശ്യക്കാർക്ക്​ മയക്കുമരുന്ന് കൈമാറാനും ഒളിപ്പിക്കാനും പല സ്ഥലങ്ങളാണ്​ സംഘം ഉപയോഗിച്ചിരുന്നതെന്ന്​ മയക്കുമരുന്ന്​ വിരുദ്ധ സേന ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ്​ ബിൻ മുഈസ പറഞ്ഞു. യു.എ.ഇക്ക്​ പുറത്തുള്ള അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിന്‍റെ ഭാഗമായി പ്രവർത്തിച്ചവരാണ്​ പിടിയിലായ പ്രതികളെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

സമൂഹത്തിന്‍റെ സുരക്ഷ അപകടത്തിലാക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കെതിരെയും ശക്​തമായ നടപടി സ്വീകരിക്കാൻ ദുബൈ പൊലീസ്​ പ്രതിജ്ഞാബദ്ധമാണെന്നതിന്‍റെ തെളിവാണ്​ മയക്കുമരുന്ന്​ കടത്ത്​ സംഘത്തിന്‍റെ അറസ്​​റ്റെന്നും അധികൃതർ വ്യക്​തമാക്കി.

കഴിഞ്ഞ മാസം വസ്ത്രങ്ങളുടെ ബട്ടണുകളിൽ ഒളിപ്പിച്ച്​ കടത്താൻ ശ്രമിച്ച കപ്​റ്റാഗൺ ഗുളികകളുടെ വൻ ശേഖരം പൊലീസ്​ കണ്ടെത്തിയിരുന്നു. 18.93 കിലോഗ്രാം മയക്കുമരുന്ന്​ ഗുളികകളാണ്​ അന്ന്​ പിടികൂടിയത്​. വിപിയിൽ ഏതാണ്ട്​ 44 ലക്ഷം ദിർഹമാണ്​ ഇതിന്​ വില. യു.എ.ഇയിൽ നിന്ന്​ അയൽ രാജ്യത്തേക്ക്​ കടത്താനായിരുന്നു പദ്ധതി.

Tags:    
News Summary - Drug trafficking: Seven member gang arrested in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.