ദുബൈ: മയക്കുമരുന്ന് കടത്ത് കേസിൽ പിടിയിലായ രണ്ടു പ്രതികൾക്ക് ഫുജൈറയിലെ ഫെഡറൽ പ്രൈമറി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഏഷ്യൻ വംശജരായ യുവാക്കളാണ് പ്രതികൾ. ശിക്ഷ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്തും.
ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം വഴി 925 നിയന്ത്രിത ഗുളികകൾ കടത്താനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ജൂണിലാണ് ഒന്നാം പ്രതി പിടിയിലായത്. കസ്റ്റംസ് പരിശോധനയിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽനിന്നാണ് ഗുളികകൾ വാങ്ങിയതെന്നായിരുന്നു ഇയാളുടെ വിശദീകരണം.
രണ്ടാം പ്രതി പറഞ്ഞതനുസരിച്ചാണ് ഗുളിക കൊണ്ടുവന്നതെന്നും ഇയാൾ മൊഴി നൽകിയിരുന്നു. ഇതിനായി യാത്ര ചെലവും തിരിച്ചുപോകുന്നതിന് 2000 രൂപയും രണ്ടാം പ്രതി വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് 36കാരനായ രണ്ടാം പ്രതി രാജ്യം വിടാനുള്ള ശ്രമത്തിനിടെ ജൂലൈയിൽ ദുബൈ വിമാനത്താവളത്തിൽവെച്ച് പിടിയിലായി. നാട്ടിൽ നിന്നെത്തിച്ച ഗുളികകൾ മൂന്നാം കക്ഷിക്ക് 5000 രൂപക്ക് കൈമാറാൻ ഒന്നാം പ്രതിയോട് നിർദേശിച്ചിരുന്നതായി രണ്ടാം പ്രതി മൊഴി നൽകിയിരുന്നു. ഇതിനായി അയാൾക്ക് 10,000 രൂപയും വാഗ്ദാനം ചെയ്തു.
എന്നാൽ, ഗുളികകളിൽ മയക്കുമരുന്ന് അടങ്ങിയതായി അറിയില്ലെന്നായിരുന്നു രണ്ടു പേരുടെയും മൊഴികൾ. ഇതിൽ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഫോറൻസിക് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഗുളികകളിൽ മോർഫിൻ, പാപവെറിൻ തുടങ്ങിയ നിയന്ത്രണ വിഭാഗത്തിലുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത്തരം മരുന്നുകൾ യു.എ.ഇയിൽ നിയമപരമായി നിയന്ത്രിച്ചിരിക്കുകയാണ്. ഇത് പരിഗണിച്ച കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.