അബൂദബി: ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡെലിവറി സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരീക്ഷണ പറക്കല്‍ വിജയകരമായി പൂർത്തീകരിച്ച് അബൂദബി. അല്‍ സംഹയില്നിന്ന് ഖലീഫ വ്യവസായ മേഖലയിലേക്കാണ് ഡ്രോണ്‍ മുഖേന പാർസലുകൾ എത്തിച്ചത്. വ്യോമയാന രംഗത്തെ സാങ്കേതികവിദ്യാ സ്ഥാപനമായ എല്‍.ഒ.ഡി.ഡിയുമായി സഹകരിച്ച് അബൂദബി മൊബിലിറ്റിയാണ് ഡ്രോണ്‍ ഡെലിവറിയുടെ പരീക്ഷണ പറക്കല്‍ നടത്തിയത്.
നൂതന നാവിഗേഷന്‍ സംവിധാനവും റോബോട്ടിക് കൈയും ഘടിപ്പിച്ച ഡ്രോണ്‍ ആണ് പാഴ്സല്‍ ഡെലിവറിയുടെ പരീക്ഷണ പറക്കലിന് ഉപയോഗിച്ചത്. ഏകദേശം മൂന്നുമാസം മുമ്പ് ഖലീഫ സിറ്റിയില്‍ വിഞ്ച് അടിസ്ഥാനമാക്കിയുള്ള സംവിധാനം ഉപയോഗിച്ച് ഡ്രോണ്‍ പാർസല്‍ ഡെലിവറി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
പോസ്റ്റ് ഓഫിസില്‍നിന്നുള്ള പാർസല്‍ ആണ് അന്ന് ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. 2026 പകുതിയോടെ അബൂദബിയില്‍ ഡ്രൈവറില്ലാ ഡ്രോണുകൾ ഉപയോഗിച്ച് പാർസല്‍, ചരക്ക് നീക്കം നടത്താനുള്ള ഒരുക്കത്തിലാണ് എല്‍.ഒ.ഡി.ഡി. കഴിഞ്ഞ ദിവസം ഫുജൈറ വിമാനത്താവളത്തിലും ഡ്രോൺ കാർഗോ സർവിസിനായുള്ള പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വിമാനത്താവളത്തിൽനിന്ന് സമുദ്രത്തിൽ ഒരുക്കിയ പ്ലാറ്റ്ഫോമിലേക്കാണ് സാധനങ്ങൾ എത്തിച്ചത്. ലോജിസ്റ്റിക് കമ്പനിയായ ലോഡ് ഓട്ടോണമസ്, ഫുജൈറ നാവിഗേഷൻ സർവിസസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.