ദുബൈ: ദുബൈ നിരത്തുകളിൽ അനാവശ്യമായി ഹോണടിക്കുന്ന ഡ്രൈവർമാർ ഇനി സൂക്ഷിക്കണം. വാഹനത്തിന്റെ ശബ്ദം നിരീക്ഷിക്കുന്ന റഡാറും റോഡിൽ വ്യാപകമാവുകയാണ്. അമിതശബ്ദത്തിന് രണ്ടായിരം ദിർഹം മുതലാണ് പിഴ നൽകേണ്ടിവരിക. അനാവശ്യമായി ഹോണടിക്കുന്നവർ മാത്രമല്ല മറ്റുള്ളവർക്ക് ശല്യമാകുന്ന എന്തുതരം ശബ്ദവും വാഹനത്തിൽ നിന്നുയർന്നാൽ ദുബൈയിലെ റഡാറുകളിൽ കുടുങ്ങും.
നിലവിൽ ദുബൈ നഗരത്തിലെ ചിലയിടങ്ങളിൽ ഇത്തരം റഡാറുകൾ നിലവിലുണ്ടെങ്കിലും ഇത് വ്യാപിക്കാനാണ് ദുബൈ പൊലീസിന്റെ തീരുമാനം. രണ്ടായിരം ദിർഹം പിഴ മാത്രമല്ല അമിതശബ്ദത്തിന് 12 ബ്ലാക്ക് പോയന്റ് ലൈസൻസിൽ വീഴും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാഹനം വിട്ടുകിട്ടാൻ പതിനായിരം ദിർഹം വേറെ അടക്കേണ്ടിവരും. മാതൃകാ നാഗരിക സമൂഹത്തെ സൃഷ്ടിക്കാനുള്ള ദുബൈ സർക്കാറിന്റെ പദ്ധതിയുടെ ഭാഗം കൂടിയാണ് ഇത്തരം റഡാറുകൾ. എമിറേറ്റിലുടനീളും ശബ്ദ റഡാറുകൾ സ്ഥാപിക്കുമെന്നാണ് ദുബൈ പൊലീസിന്റെ പ്രഖ്യാപനം.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശത്തിന് കീഴിൽ ദുബൈ സിവിൽ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ശബ്ദ റഡാറുകൾ കൂടുതൽ ഇടങ്ങളിൽ സ്ഥാപിക്കുക. ജീവിത നിലവാരം മെച്ചപ്പെടുത്താനും പൊതുസ്ഥലങ്ങളിൽ ശാന്തമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. പാരിസ്ഥിതികമായ ശബ്ദപരിധി മറികടക്കുന്ന, രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്താൻ സ്മാർട്ട് റഡാറുകൾക്ക് കഴിയുമെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞതായി ദുബൈ പൊലീസ് ഓപറേഷൻസ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. വാഹനത്തിൽനിന്നുള്ള ശബ്ദം റഡാറുകൾ കൃത്യമായി അളക്കുകയും ഉറവിടം തിരിച്ചറിഞ്ഞ് അതിന്റെ വിഡിയോ തെളിവുകൾ ശേഖരിക്കുകയും ചെയ്യും. കാർ ഓഡിയോ സംവിധാനങ്ങളിൽനിന്നുള്ള അമിത ശബ്ദം, അനാവശ്യമായ ഹോൺ ഉപയോഗം എന്നിവയും റഡാർ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.