ദുബൈ: പകർപ്പവകാശ ലംഘനം തടയുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്നു മാസത്തിനിടെ രാജ്യത്ത് 13,667 വെബ്സൈറ്റുകൾ നിരോധിച്ചതായി സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ നിരോധിച്ച വെബ്സൈറ്റുകളുടെ എണ്ണത്തിൽ 400 ശതമാനമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്. 2025 ഫെബ്രുവരിയിൽ ‘ഇൻസ്റ്റബ്ലോക്ക്’ സെന്‍റർ ആരംഭിച്ച ശേഷം നിയമലംഘനം കണ്ടെത്തിയ 47,667 വെബ്സൈറ്റുകളാണ് നിരോധിച്ചത്.
പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ചതാണ് ‘ഇൻസ്റ്റ്ബ്ലോക്ക്’ സെന്‍റർ. നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇൻസ്റ്റബ്ലോക്ക് സെന്‍റർ യഥാസമയം ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുകയും നിയമലംഘനം നടത്തുന്ന വെബ്സൈറ്റുകൾ വേഗത്തിൽ തിരിച്ചറിഞ്ഞ് നടപടിയെടുക്കുകയും ചെയ്തത്. ഇൻസ്റ്റബ്ലോക്ക് സംരംഭത്തിന്‍റെ വിപുലീകരണം ബൗദ്ധിക സ്വത്താവകാശങ്ങൾ സംരക്ഷിക്കാനും നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമായ നടപ്പിലാക്കാനുമുള്ള യു.എ.ഇയുടെ കഴിവ് ശക്തിപ്പെടുത്തിയതായി സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിലെ ബൗദ്ധിക സ്വത്താവകാശ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ ഹസൻ അൽ മുഐനി പറഞ്ഞു.
ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റഗുലേറ്ററി അതോറിറ്റിയുമായി കൈകോർത്താണ് നിയമലംഘനം നടത്തുന്ന വെബ്സൈറ്റുകൾ കണ്ടെത്താനുള്ള പ്രത്യേക കാമ്പയിൻ സംഘടിപ്പിച്ചത്. പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ അബൂബദി മീഡിയ നെറ്റ്വർക്ക്, എം.ബിസി ഷാഹിദ്, ഒ.എസ്.എൻ, യാങ്കോ പ്ലേ, സ്റ്റാർസ്പ്ലേ എന്നിവയും ബ്രാൻഡ് ഓണേഴ്സ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്, നിസാൻ മിഡിൽ ഈസ്റ്റ് എന്നിവരുടെയും സഹകരണവും ദൗത്യത്തിനുണ്ടായിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. റമദാൻ കാലയളവിൽ ആകെ 5,677 വെബ്സൈറ്റുകളാണ് നിരോധിച്ചത്.
ഇതിൽ 2025ൽ 2,217 വെബ്സൈറ്റുകളും 2024ൽ 1,117 വെബ്സൈറ്റുകളും 2023ൽ 62 വെബ്സൈറ്റുകളും ഉൾപ്പെടും. കാമ്പയിൻ കാലയളവിൽ 24 മണിക്കൂറും നിരീക്ഷണം നിലനിർത്തിയിരുന്നു. ബൗദ്ധിക സ്വത്താവകാശ നിയമലംഘനങ്ങളെ കുറിച്ച് ബോധവത്കരണവും കാമ്പയിനിലൂടെ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.