ദുബൈ: ഡോർ ടു ഡോർ കാർഗോ സേവന രംഗത്തെ പ്രതിസന്ധി തുടരുന്നതിനിടെ പ്രശ്ന പരിഹാരം തേടി കാർഗോ കമ്പനികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പ്രവാസികൾക്ക് 20,000 രൂപയുടെ വരെ വസ്തുക്കൾ നികുതിയില്ലാതെ നാട്ടിലേക്കയക്കാൻ 24 വർഷം മുമ്പ് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്ന ആനുകൂല്യമാണ് ജൂൺ 30 ന് അർധരാത്രി മുന്നറിയിപ്പില്ലാതെ പിൻവലിച്ചത്. ആനുകൂല്യമാണ് ഇല്ലാതായത്. ഇനി മുതൽ 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ, 28 ശതമാനം സംയോജിത ചരക്കു സേവന നികുതി, മൂന്നു ശതമാനം സെസ് എന്നിങ്ങനെ മൊത്തം 41 ശതമാനം നികുതിയടക്കണമെന്നാണ് ഉത്തരവ്.
ഇതിനെതിരെ ഇൗ രംഗത്തെ ഗൾഫിലെ പ്രമുഖ സ്ഥാപനങ്ങളായ റജബ് കാർഗോയും സീബ്രീസ് കാർഗോയുമാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഹരജി കോടതി വ്യാഴാഴ്ച ഫയലിൽ സ്വീകരിച്ചു. കാർഗോ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇൻറർനാഷണൽ കൊറിയർ ഏജൻറ്സ് വെൽഫയർ അസോസിയേഷനും വരും ദിവസം ഹരജി നൽകും.
മുന്നറിയിപ്പില്ലാതെ നികുതി ഏർപ്പെടുത്തിയത് വഴി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ഒരാഴ്ചയായി കെട്ടിക്കിടക്കുന്ന ടൺകണക്കിന് പാർസലുകൾ വിട്ടുകിട്ടണമെന്നും പ്രവാസികൾക്ക് 1993 മുതൽ അനുവദിച്ചുവന്ന ആനുകൂല്യം എടുത്തുകളയരുതെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
നികുതി നിർദേശം വരുന്നതിന് മുമ്പയച്ച പാർസലുകളാണ് വിമാനത്താവളങ്ങളിൽ ക്ലിയറൻസ് ലഭിക്കാതെ കിടക്കുന്നത്. 1993 സെപ്റ്റംബർ 16ന് സെൻട്രൽ ബോർഡ് ഒാഫ് എക്സൈസ് ആൻറ് കസ്റ്റംസിെൻറ 171/1993 ഉത്തരവ് വഴിയാണ് ഇത്രയും കാലം പ്രവാസികൾക്ക് ഇൗ ആനുകൂല്യം ലഭിച്ചിരുന്നത്. 5,000 രൂപയുടെ സമ്മാനങ്ങൾ നികുതിയൊന്നുമില്ലാതെ നാട്ടിലേക്കയക്കാനാണ് ആദ്യം അനുമതി ലഭിച്ചത്. 1998ൽ ഇൗ പരിധി 10,000 രൂപയായും കഴിഞ്ഞവർഷം 20,000 രൂപയായും ഉയർത്തി. ഇതാണ് ചരക്കു സേവന നികുതി പ്രാബല്യത്തിൽ വന്ന ഇക്കഴിഞ്ഞ ജൂൺ 30 ന് പിൻവലിച്ചത്. ഇത് സാധാരണക്കാരായ പ്രവാസികളെയാണ് ഏറെ പ്രതികൂലമായി ബാധിച്ചത്. വീട്ടിലേക്ക് ആവശ്യമായ തുണിത്തരങ്ങളും ഭക്ഷ്യവസ്തുക്കളും കളിപ്പാട്ടങ്ങളുമെല്ലാമാണ് ഇങ്ങനെ അയച്ചിരുന്നത്.
പ്രത്യേകിച്ച് എല്ലാ വർഷവും നാട്ടിൽ പോകാൻ സാധിക്കാത്തവർ. വിമാനത്തിൽ യാത്രക്കൊപ്പം കൊണ്ടാവുന്ന ലഗേജിന് കർശന ഭാര നിയന്ത്രണമുള്ളതും പ്രവാസികളിൽ വലിയൊരു വിഭാഗത്തെ ഡോർ ടു ഡോർ കാർഗോ സേവനത്തെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നു. നാട്ടിലേക്കുള്ള യാത്രക്ക് മുന്നോടിയായി അധികമുള്ള ലഗേജ് കാർഗോയായി അയക്കുകയായിരുന്നു പതിവ്. കിലോവിന് 10^12 ദിർഹം തോതിൽ നൽകിയാൽ പരമാവധി രണ്ടാഴ്ചകൊണ്ട് കേരളത്തിലെവിടെയും വീടുകളിൽ സാധനങ്ങൾ എത്തുമായിരുന്നു.
ഗൾഫിലും ഇന്ത്യയിലുമായി നൂറുകണക്കിന് കാർഗോ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ദിവസം 500 ടൺ സാധനങ്ങളാണ് ഇന്ത്യയിൽ എത്തിയിരുന്നത്. ഇത് ഒരാഴ്ചയായി സ്തംഭിച്ചിരിക്കുകയാണ്. രണ്ടു ലക്ഷത്തോളം പേർ ഇൗ മേഖലയിൽ പണിയെടുക്കുന്നുണ്ടെന്നാണ് അസോസിയേഷൻ പറയുന്നത്. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.