ദുബൈ: നഗരത്തിലെ സുപ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിന്‍റെ ഹാർഡ് ഷോൾഡറിൽ നിർത്തിയിട്ട ട്രക്കിൽ നിയന്ത്രണംവിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. അബൂദബി ഭാഗത്തേക്കുള്ള പാതയിലെ അറേബ്യൻ റേഞ്ചേഴ്സ് പാലത്തിന് മുമ്പായാണ് അപകടമുണ്ടായത്.
ട്രക്ക് സുരക്ഷിതമല്ലാത്ത രീതിയിൽ നിർത്തിയത്, ബൈക്ക് യാത്രികന്‍റെ ശ്രദ്ധക്കുറവ് എന്നിവ കാരണമാണ് അപകടമുണ്ടായതെന്നും റൈഡർക്ക് സംഭവ സ്ഥലത്ത് ഗുരുതര പരിക്കേറ്റിരുന്നുവെന്നും ദുബെ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. ജുമാ ബിൻ സുവൈദാൻ പറഞ്ഞു. റോഡ് ഷോൾഡറിൽ അനിവാര്യമല്ലാത്ത സമയങ്ങളിൽ വാഹനം നിർത്തുന്നത് വളരെ ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. റോഡ് ഷോൾഡർ ഉപയോഗിക്കേണ്ടത് പെട്ടെന്നുണ്ടാകുന്ന വാഹനത്തിന്‍റെ ബ്രേക്ഡൗൺ, അടിയന്തിര ആരോഗ്യ സാഹചര്യം തുടങ്ങിയ വളരെ പ്രധാനപ്പെട്ട സമയങ്ങളിൽ മാത്രമാണ്. മിക്ക ദിവസങ്ങളിലും ഈ ഭാഗത്ത് സുരക്ഷിതമല്ലാത്ത പാർക്കിങ് മൂലം അപകടമുണ്ടാകുന്നുണ്ട്. ദുബൈയിൽ വളരെ ഗുരുതരമായ ട്രാഫിക് കുറ്റകൃത്യമാണിതെന്നും കനത്ത പിഴയും ബ്ലാക് പോയിന്‍റുകളും വാഹനം പിടിച്ചെടുക്കലും ചുമത്തപ്പെടുമെന്നും അധികൃതർ ഓർമപ്പെടുത്തി.
വാഹനങ്ങൾ അപ്രതീക്ഷിതമായി ബ്രേക്ഡൗണാകുന്നത് ഒഴിവാക്കാൻ കൃത്യമായി പരിശോധനകൾ നടത്തണമെന്നും നിർത്തിയിടേണ്ട സാഹചര്യമുണ്ടായാൽ മുന്നറിയിപ്പ് ലൈറ്റുകളും ചിഹ്നങ്ങളും ഉപയോഗിച്ച് മറ്റു വാഹനങ്ങളെ ജാഗ്രത പാലിക്കാൻ നിർദേശിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. അമിതവേഗതയും വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാത്തതും അപകട സാധ്യത വർധിപ്പിക്കുന്നതാണെന്നും ബ്രി. ജുമാ ബിൻ സുവൈദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.