ദുബൈ: എമിറേറ്റിൽ ഈ വർഷം 45 പ്രധാന സ്ഥലങ്ങളിൽ കൂടി റോഡുകൾ നവീകരിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വ്യക്തമാക്കി. നഗരത്തിലെ ഗതാഗത തിരക്ക് കുറക്കാൻ ലക്ഷ്യമിട്ട് എമിറേറ്റിലെ എട്ട് പ്രധാന സ്ഥലങ്ങളിൽ ആരംഭിച്ച റോഡ് നവീകരണം പൂർത്തിയാക്കിയതായി ആർ.ടി.എ അറിയിച്ചു. ഷാർജയിൽ നിന്ന് വാദി അൽ അമർദി സ്ട്രീറ്റിലേക്കുള്ള എമിറേറ്റ്സ് റോഡ്, ശൈഖ് സായിദ് റോഡിൽ നിന്ന് അൽ വസൽ സ്ട്രീറ്റിലേക്കുള്ള ഉമ്മു അമാറ സ്ട്രീറ്റ്, ജബൽ അലി ലഹ്ബാബ് സ്ട്രീറ്റ്, അൽ ജദ്ദാഫ് മെട്രോ സ്റ്റേഷന് സമീപത്തായി സമ അൽ ജദ്ദാഫിനും അൽ ജദ്ദാഫ് വാട്ടർഫ്രണ്ടിനും ഇടയിലുള്ള പ്രദേശം, അൽ ബർഷ ഒന്നിലെ അൽ നഹ്യാത്ത് സ്ട്രീറ്റ്, അൽ സത്വയിലെ ആൽ മക്തൂം സ്കൂൾ, അൽ ഇത്തിഹാദ് സ്ട്രീറ്റിന്റെയും അൽ ഖുദ്സ് സ്ട്രീറ്റിന്റെയും ജങ്ഷൻ, ഗ്രാൻഡ് ഹയാത്ത് ദുബൈയിക്കടുത്തുള്ള ശൈഖ് റാശിദ് സ്ട്രീറ്റ്, ബർദുബൈ എന്നിവിടങ്ങളിലാണ് റോഡ് നവീകരണം പൂർത്തിയായത്. ഈ പ്രദേശങ്ങളിലെ ഗതാഗത തിരക്ക് കുറച്ച് യാത്ര സമയം 15 മുതൽ 30 ശതമാനം കുറക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി.
ദുബൈയുടെ സുസ്ഥിരമായ നഗര വികസനവും ജനസംഖ്യ വർധനവും വാഹനങ്ങളുടെ വർധിച്ചുവരുന്ന എണ്ണവും അനുസരിച്ച് റോഡ് ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുക, ഗതാഗത നീക്കം മെച്ചപ്പെടുത്തുക, എല്ലാ റോഡ് ഉപഭോക്താക്കളുടെയും സുരക്ഷ ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ രൂപകൽപന ചെയ്തതാണ് പുതിയ ട്രാഫിക് പരിഷ്കാരങ്ങളെന്ന് ആർ.ടി.എ വൃത്തങ്ങൾ വ്യക്തമാക്കി. പ്രധാന സ്ട്രീറ്റുകളിലെ പാതകളുടെ എണ്ണം ഒന്നിൽ നിന്ന് രണ്ടായി വർധിപ്പിച്ച് വീതികൂട്ടൽ, റൗണ്ട് എബൗട്ടുകളെ സിഗ്നലുകളുള്ള ജങ്ഷനുകളാക്കി മാറ്റൽ, പ്രധാന റോഡുകളും അടുത്തുള്ള റെസിഡൻഷ്യൽ, വാണിജ്യ ജില്ലകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പുതിയ ലിങ്കുകൾ നിർമിക്കൽ, സ്കൂളുകൾക്കും മറ്റ് പ്രധാന സൗകര്യങ്ങൾക്കുമായി പാർക്കിങ് സ്ഥലങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയാണ് നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്.
പദ്ധതി പൂർത്തിയാവുന്നതോടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൂടെയുള്ള യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. നഗരവികസനത്തിനും ജനസംഖ്യാ വർധനവിനും അനുസരിച്ച് നടത്തിയ വിലയിരുത്തലുകൾ പ്രകാരമാണ് ഓരോ സ്ഥലങ്ങളിലേയും റോഡുകൾ നവീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.