ദുബൈ: പൊതു സ്കൂളുകളിലേക്ക് മൊബൈൽ കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം, വിദ്യാർഥികളുടെ ഫോൺ പിടിച്ചെടുക്കുന്നതിനും പരിശോധിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പൽമാർക്കും കിന്റർഗാർഡനുകൾക്കും മന്ത്രാലയം ഇത് സംബന്ധിച്ച് സർക്കുലർ അയച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി പെരുമാറ്റ മാനേജ്മെന്റ് നിയന്ത്രണവുമായി ബന്ധപ്പെട്ട 2018ലെ മന്ത്രിതല ഉത്തരവ് അടിസ്ഥാനമാക്കിയാണ് സർക്കുലർ നൽകിയിട്ടുള്ളത്. ഫോൺ കൊണ്ടുപോകുന്നതുമൂലമുണ്ടാകുന്ന അപകടസാധ്യതകളിൽനിന്ന് വിദ്യാർഥികളെ സംരക്ഷിക്കുകയും, സുരക്ഷിതമായ പഠന അന്തരീക്ഷത്തിൽ നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയുമാണ് നടപടി ലക്ഷ്യമിടുന്നത്.
മന്ത്രാലയം സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടോയെന്ന് സ്കൂളുകൾ നിരന്തരം പരിശോധിക്കണം. അതേസമയം, പരിശോധന നിർദേശിച്ച പ്രകാരവും കുട്ടികളുടെ സ്വകാര്യതയെ മാനിക്കുന്നതുമായിരിക്കണം. പരിശോധകർ കുട്ടികളെ ശാരീരികമായി തൊടാൻ പാടില്ല, ബാഗുകളിലും മറ്റു സ്വകാര്യ വസ്തുക്കളിലും മാത്രമാകണം പരിശോധന, വിദ്യാർഥികൾ അവരുടെ വസ്തുക്കൾ പരിശോധന കമ്മിറ്റിക്ക് മുന്നിൽ സ്വയമേ സാധനങ്ങൾ പ്രദർശിപ്പിക്കാൻ സന്നദ്ധരാകണം തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
മൊബൈൽ കണ്ടെടുത്താൽ സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിക്കണം. രക്ഷിതാക്ക ൾ ഫോൺ പിടിച്ചെടുത്തതിനും തിരിച്ചുലഭിച്ചതിനും ബന്ധപ്പെട്ട ഫോമുകൾ ഒപ്പിട്ടു നൽകണം. ആദ്യ തവണ പിടിച്ചെടുത്താൽ ഒരു മാസത്തിൽ കൂടുതൽ പിടിച്ചുവെക്കരുത്. അതേസമയം, ആവർത്തിച്ചാൽ അധ്യയന വർഷാവസാനം വരെ പിടിച്ചുവെക്കാം.
നിയമവിരുദ്ധമോ അധാർമികമോ കുറ്റകരമോ ആയ പ്രവൃത്തികൾക്ക് ഫോൺ ഉപയോഗിച്ചാൽ നിർദേശിക്കപ്പെട്ട രീതിയിലുള്ള നടപടികളെടുക്കാം. പുതിയ നിയന്ത്രണം സംബന്ധിച്ച് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ബോധവത്കരണം നൽകുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.