ദുബൈ: നഗരത്തിലെ ഗതാഗത തിരക്ക് കുറക്കാൻ ലക്ഷ്യമിട്ട് സുപ്രധാനമായ റോഡ് വികസന പദ്ധതിക്ക് കരാർ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഉമ്മു സുഖൈം സ്ട്രീറ്റ്, അൽ വസൽ റോഡ്, അൽ സഫ സ്ട്രീറ്റ്, ജുമൈറ സ്ട്രീറ്റിലെ ഏഴ് ജങ്ഷനുകൾ എന്നിവ പുനർവികസിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ റോഡുകൾ വീതികൂട്ടുന്നതിനൊപ്പം പുതിയ പാലങ്ങളും തുരങ്കങ്ങളും നിർമിക്കും.
മൊത്തം 11 കിലോമീറ്റർ നീളത്തിലാണ് വികസനം നടപ്പിലാക്കുക. നവീകരണം പൂർത്തിയാകുന്നതോടെ ഉമ്മുസുഖൈം സ്ട്രീറ്റിലെ റോഡുകളുടെ ശേഷി വർധിച്ച് ഇരു ദിശകളിലേക്കും കടന്നുപോകാവുന്ന വാഹനങ്ങളുടെ എണ്ണം 16,000 ആയി ഉയരും. അൽ വസൽ, അൽ സഫ സ്ട്രീറ്റിന്റെ ശേഷി മണിക്കൂറിൽ 12,000 വാഹനങ്ങളായും വർധിക്കും. ഗതാഗത മെച്ചപ്പെടുത്തലുകൾക്കൊപ്പം നടപ്പാതകൾ, സൈക്ലിങ് ട്രാക്കുകൾ, ബൊളിവാഡ് പ്ലാസകൾ എന്നിവയുൾപ്പെടെ കാൽനടയാരതക്കാർക്ക് അനുയോജ്യമായതും സൗന്ദര്യാത്മകവുമായ നിരവധി സവിശേഷതകളും പദ്ധതിയിൽ ഉൾപ്പെടുന്നു.
താമസമേഖലകൾ, ബീച്ചുകൾ, ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 20 ലക്ഷത്തിലധികം ജസംഖ്യയുള്ള മേഖലകൾക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് ആർ.ടി.എ എക്സിക്യുട്ടീവ് ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
ജുമൈറ സ്ട്രീറ്റിലെ എമിറേറ്റ്സ് റോഡ്, അൽ ഖുദ്റ സ്ട്രീറ്റ് എന്നിവയുമായി ബന്ധിപ്പിക്കുന്ന വിശാല ഇടനാഴിയുടെ ഭാഗമായ ഉമ്മു സുഖൈം സ്ട്രീറ്റ് വികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ശൈഖ് സായിദ് റോഡ്, അൽഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന നാല് ഹൈവേകളുടെ കണക്ടിവിറ്റി മെച്ചപ്പെടുത്തലും പദ്ധതിയിൽ ഉൾപ്പെടും.
നവീകരണം പൂർത്തിയായാൽ ജുമൈറ സ്ട്രീറ്റിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള യാത്ര സമയം 20 മിനിറ്റിൽ നിന്ന് ആറ് മിനിറ്റായി കുറയുമെന്ന് അൽ തായർ കൂട്ടിച്ചേർത്തു.
ആറ് ജങ്ഷനുകളുടെ നവീകരണം, നാല് പാലങ്ങൾ, 4.1 കിലോമീറ്റർ നീളത്തിൽ രണ്ട് തുരങ്കപാതകൾ, ഇരു ദിശയിലേക്കും റോഡ് വീതികൂട്ടി അഞ്ച് വരിയാക്കൽ തുടങ്ങിയവയാണ് ഉമ്മു സുഖൈം സ്ട്രീറ്റിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ. 3.85 കിലോമീറ്റർ നീളമുള്ള അഞ്ച് തുരങ്കപാതകൾ നിർമാണം ഉൾപ്പെടെ ഏഴ് ജങ്ഷനുകളുടെ നവീകരണമാണ് അൽ വാസൽ റോഡിൽ നടത്തുക.
ഇതു വഴി യാത്ര സമയം പകുതിയായി കുറയുകയും മണിക്കൂറിൽ കടന്നുപോകാവുന്ന വാഹനങ്ങളുടെ എണ്ണം 8,000ത്തിൽ നിന്ന് 12,000 ആയി ഉയരുകയും ചെയ്യും. അൽ സഫ സ്ട്രീറ്റിൽ രണ്ട് പാലങ്ങൾ, 3.12 കിലോമീറ്റർ നീളത്തിൽ രണ്ട് തുരങ്കപാതകൾ ഉൾപ്പെടെ 1.5 കിലോമീറ്റർ നീളത്തിലുള്ള വികസനമാണ് നടത്തുന്നത്. വികസനം പൂർത്തിയായാൽ റോഡിന്‍റെ ശേഷി 12,000 വാഹനങ്ങളായി ഉയരുകയും തുരങ്ക പാതയിലൂടെയുള്ള യാത്ര സമയം 12 മിനിറ്റിൽ നിന്ന് മൂന്ന് മിനിറ്റായി കുറയുകയും ചെയ്യും. ജുമൈറയിൽ ഏഴ് ജങ്ഷനുകളുടെ വികസനമാണ് ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.