അബൂദബി: മണിക്കൂറില്‍ 13 വിവാഹങ്ങളെന്ന രീതിയിൽ അബൂദബിയില്‍ വിദേശികളുടെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്ന് കണക്ക്. 2021ല്‍ അബൂദബിയില്‍ സിവില്‍ വിവാഹ നിയമം നടപ്പാക്കിയതിനുശേഷം ഇതുവരെയായി 53,000ത്തിലേറെ ദമ്പതികളാണ് വിവാഹം എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അബൂദബി ജുഡീഷ്യല്‍ വകുപ്പാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2025ല്‍ 19,000 വിവാഹ കരാറുകളാണ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വര്‍ധനവാണ് 2025ല്‍ സിവില്‍ വിവാഹ രജിസ്ട്രേഷനില്‍ ഉണ്ടായത്.
2022ല്‍ 5400, 2023ല്‍ 12000, 2024ല്‍ 16200 എന്നിങ്ങനെയാണ് സിവിൽ വിവാഹങ്ങൾ അബൂദബിയില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിദിനം 70 അല്ലെങ്കില്‍ പ്രതിമാസം 1600 എന്ന ക്രമത്തിലാണ് അബൂദബിയില്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തുപോരുന്നത്. അബൂദബിയിലുള്ള വിദേശ പൗരന്മാര്ക്കും സന്ദര്‍ശകര്‍ക്കും അബൂദബി നീതിന്യായ വകുപ്പിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ സിവില്‍ വിവാഹ സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഒരൊറ്റ ദിവസത്തില്‍ വിവാഹ രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്ന എക്സ്പ്രസ് സേവനവും അധികൃതര്‍ ലഭ്യമാക്കുന്നുണ്ട്.
വിവാഹങ്ങള്ക്കുപുറമേ വില്പത്ര രജിസ്ട്രേഷനുകളും അബൂദബിയില്‍ ധാരാളമായി നടക്കുന്നുണ്ട്. 2025ല്‍ 11,000 വില്‍പത്രങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 2024നെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവാണ് 2025ലുണ്ടായത്. 2025ല്‍ 640 വിവാഹമോചനക്കേസുകളും തീര്‍പ്പായി. വിവാഹമോചനക്കേസ് നല്കി 30 ദിവസത്തിനുള്ളില്‍ വിദേശ ദമ്പതികള്‍ക്ക് വിവാഹമോചനം സാധ്യമാക്കുകയുണ്ടായി. വിവാഹ മോചിതരാവുന്ന വധുവിന്റെയും വരന്റെയും സാമ്പത്തിക സ്ഥിതികള്‍ കോടതി വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കും. കുട്ടികളുള്ള ദമ്പതികളാണെങ്കില്‍ ഇരുവര്‍ക്കും കുട്ടികളുടെ കസ്റ്റഡി അവകാശം നല്‍കും. എമിറേറ്റിലെ കോടതി നടപടികളുടെ സുതാര്യതയും വേഗവുമാണ് ഓരോ വര്‍ഷവും കൂടുതല്‍ പേര് കോടതി സേവനം തേടാന്‍ കാരണമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.