റാസല്‍ഖൈമ: റാക് അല്‍ മര്‍ജാന്‍ ഐലന്റ് കേന്ദ്രീകരിച്ച് ഈ വര്‍ഷം നിര്‍മാണം തുടങ്ങുന്നത് 12 അള്‍ട്രാ ലക്ഷ്വറി പദ്ധതികള്‍. ടോണിനോ ലാംബോര്‍ഗിനി റസിഡന്‍സസ് പദ്ധതി ലോഞ്ചിനോടനുബന്ധിച്ച് ബി.എന്‍.ഡബ്ല്യു ഡെവലപ്മെന്റ്സ് ആണ് ആഗോള റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ റാസല്‍ഖൈമയെ ശക്തിപ്പെടുത്തുന്ന 20 ശതകോടി ദിര്‍ഹം മൂല്യമുള്ള പദ്ധതികളുടെ പ്രഖ്യാപനം നടത്തിയത്.
10 മില്യണ്‍ ചതുരശ്ര വിസ്തൃതിയുള്ള നിര്‍മാണ പദ്ധതികള്‍ അമേരിക്ക, യൂറോപ്പ്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആഗോള നിക്ഷേപകരെ ലക്ഷ്യമിട്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ബ്രാന്‍ഡും പ്രമുഖ ഫാഷന്‍ ബ്രാന്‍ഡും പദ്ധതികളുടെ ഭാഗമാകും. വലിയ നിക്ഷേപങ്ങളിലൂടെ ആഗോള വിപണിയില്‍ റാസല്‍ഖൈമ ശക്തമായ സാന്നിധ്യം അറിയിക്കുകയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 12 പദ്ധതികളില്‍ എട്ടെണ്ണം റാക് സെന്‍ട്രലിലും നാലെണ്ണം അല്‍ മര്‍ജാന്‍ ഐലന്റ് ബീച്ച് ഫ്രണ്ട് മേഖലയിലുമായിരിക്കുമെന്ന് ബി.എന്‍.ഡബ്ല്യു ചെയര്മാന് അങ്കൂര്‍ അഗര്‍വാള്‍ പറഞ്ഞു.
നിക്ഷേപകര്ക്കെന്നപോലെ സന്ദര്‍ശകരുടെയും ഇഷ്ടകേന്ദ്രമാണ് റാസല്‍ഖൈമയിലെ പവിഴ ദ്വീപുകള്‍(മര്‍ജാന്‍ ഐലന്റ്). നാലര കി.മീറ്ററോളം കടല്‍ ഉള്‍ക്കൊള്ളുന്ന മര്‍ജാന്‍ ഐലന്റ് പൂര്‍ണമായും മനുഷ്യനിര്‍മിതമാണ്. ബ്രീസ്, ട്രഷര്‍, ഡ്രീം, വ്യൂ എന്നീ പേരുകളില്‍ ഐലന്റിനെ തരംതിരിച്ചിട്ടുണ്ട്. 2.8 ലക്ഷം ചതുരശ്ര വിസ്തൃതിയുള്ള ഈ മേഖല റാസല്‍ഖൈമയുടെ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സാണ്.
റാക് ടൂറിസം വികസന വകുപ്പിന് കീഴില്‍ ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷം നിലനിര്‍ത്തുന്ന രീതിയിലാണ് അല്‍ മര്‍ജമാന്‍ ഐലന്റിലെ നിര്‍മാണ പ്രവൃത്തികള്‍. മെട്രോ പൊളിറ്റന്‍ ടൗണ്‍ഷിപ്പായ ദ്വീപ് പ്രദേശം ആഗോള സഞ്ചാരികള്‍ക്കൊപ്പം തദ്ദേശീയരുടെയും പ്രിയ കേന്ദ്രമാണ്. മുഖ്യ കവാടം ഉള്‍പ്പെടുന്നതാണ് ബ്രീസ് ദ്വീപ്. ഹില്‍ട്ടണ്‍, റിക്സോസ് ബാബല്‍ ബഹര്‍, ഡബിള്‍ ട്രീ തുടങ്ങി എണ്ണം പറഞ്ഞ ആഡംബര ഹോട്ടലുകളും ഇവിടെ സ്ഥിതി ചെയ്യുന്നു.
2000 മീറ്റര്‍ വാട്ടര്‍ ഫ്രണ്ടേജ്, ദൈര്‍ഘ്യമേറിയ നടപ്പാത, സൈക്കിള്‍ സവാരി സൗകര്യവും കുട്ടികള്‍ക്കായുള്ള കളി സ്ഥലവും ബ്രീസ് ഉള്‍ക്കൊള്ളുന്നു. കോണ്‍ക്രീറ്റ് നടപ്പാതയും പ്രകൃതി ആസ്വാദനം സാധ്യമാക്കുന്നതുമാണ് ട്രഷര്‍ ദ്വീപ്. ബീച്ച് ക്ലബ്, കരകൗശല വസ്തു ശേഖരം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഡ്രീം ദ്വീപ്. റിസോര്‍ട്ടുകള്‍, താമസ കേന്ദ്രങ്ങള്‍, ചില്ലറ വില്പന കേന്ദ്രവും റസ്റ്റോറന്റുകളും വ്യൂ ദ്വീപില്‍ ഉള്‍പ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.