പ്രതിരോധ സഹകരണം ശക്തമാക്കി: പാകിസ്​താൻ വ്യോമസേന വിഭാഗം സൗദി അറേബ്യയിലെത്തി

റിയാദ്: തന്ത്രപ്രധാനമായ പ്രതിരോധ സഹകരണത്തി​െൻറ ഭാഗമായി പാകിസ്​താൻ സൈനിക വ്യൂഹം സൗദി അറേബ്യയിലെത്തി. പാകിസ്​താൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സഹായ വിമാനങ്ങളും അനുബന്ധ വിഭാഗങ്ങളും ഉൾപ്പെടുന്ന സായുധ വ്യൂഹമാണ് ശനിയാഴ്ച കിഴക്കൻ പ്രവിശ്യയിലെ കിങ് അബ്​ദുൽ അസീസ് വ്യോമതാവളത്തിൽ എത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഏകോപനം വർധിപ്പിക്കുന്നതിനും സംയുക്ത പ്രവർത്തന സന്നദ്ധത മെച്ചപ്പെടുത്തുന്നതിനുമുള്ള നിർണായക നീക്കമാണിതെന്ന് സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അറേബ്യയും പാകിസ്​താനും ഒപ്പുവെച്ച ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറി​െൻറ തുടർച്ചയായാണ് ഈ സൈനിക നീക്കം. കരാർ പ്രകാരം രണ്ട് രാജ്യങ്ങളിൽ ഒന്നിന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും.

പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനൊപ്പം, അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെയും സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും സായുധ സേനകളുടെ ശേഷി വികസിപ്പിക്കുക എന്നതും ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യമാണ്.

പ്രതിരോധ-സൈനിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഈ സഹകരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏതൊരു ബാഹ്യ ഭീഷണിക്കെതിരെയും സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സൈനിക പ്രവർത്തനങ്ങളിൽ പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിനും പുതിയ നീക്കം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വഴിത്തിരിവാകുന്ന ഈ സൈനിക സാന്നിധ്യം മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ്.

Tags:    
News Summary - Strengthening defense cooperation: Pakistan Air Force contingent arrives in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.