ജിദ്ദയിൽ പിടികൂടിയ വ്യാജ വസ്ത്രങ്ങളും മറ്റ് സാമഗ്രികളും
ജിദ്ദ: പ്രമുഖ കായിക ക്ലബ്ബുകളുടെ വ്യാജ ലോഗോകളും ട്രേഡ് മാർക്കുകളും പതിച്ച 3,700-ലധികം വസ്ത്രങ്ങളും ഇവ നിർമിക്കാൻ ഉപയോഗിച്ച മെഷീനുകളും ജിദ്ദ മുനിസിപ്പാലിറ്റിയുടെ ഫീൽഡ് ടീം പിടിച്ചെടുത്തു. ജിദ്ദയുടെ തെക്കൻ, മധ്യ മേഖലകളിൽ നടത്തിയ രണ്ട് പ്രത്യേക പരിശോധനാ കാമ്പയിനുകളിലാണ് വിപണിയിലെത്തിക്കാൻ തയ്യാറാക്കിയ ഈ വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ കണ്ടെത്തിയത്.
വസ്ത്രങ്ങൾ തുന്നുന്നതിനും ചിത്രങ്ങൾ പ്രിന്റ് ചെയ്യുന്നതിനും എംബ്രോയിഡറിക്കുമായി ഉപയോഗിച്ചിരുന്ന 19 തരം തയ്യൽ മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, സിവിൽ ഡിഫൻസ്, സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി എന്നിവയുടെ സംയുക്ത സഹകരണത്തോടെയായിരുന്നു റെയ്ഡ്.
ജിദ്ദയിൽ പിടികൂടിയ വ്യാജ വസ്ത്രങ്ങളും മറ്റ് സാമഗ്രികളും
വ്യാജ ലോഗോ പതിപ്പിച്ച വസ്ത്രങ്ങൾ പൂർണമായും നശിപ്പിച്ചതായി മോണിറ്ററിങ് ആൻഡ് അഡ്രസ്സിങ് നെഗറ്റിവ് ഫിനോമിന ഡയറക്ടർ ജനറൽ യാസർ ബക്ഷ് അറിയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി വിഷയം ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറിയിട്ടുണ്ട്.
അൽ ജാമിഅഃ മേഖലയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ രണ്ട് മുറികൾ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൽ 1,029 വ്യാജ ഉൽപന്നങ്ങൾ നശിപ്പിക്കുകയും പ്രിന്റിംഗിനും തയ്യലിനുമായി ഉപയോഗിച്ച എട്ട് മെഷീനുകൾ പിടിച്ചെടുക്കുകയും ചെയ്തു.
ഇവിടെനിന്ന് കണ്ടെടുത്ത ലോഗോ പതിക്കാത്ത 850 വസ്ത്രങ്ങൾ ചാരിറ്റബിൾ ആവശ്യങ്ങൾക്കായി സസ്റ്റൈനബിലിറ്റി അസോസിയേഷന് കൈമാറി. ഇതിന് പുറമേ, അൽ അസീസിയയിലെ ഒരു കമേഴ്സ്യൽ റസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ വ്യാജ ലോഗോയുള്ള 2,670 വസ്ത്രങ്ങൾ കണ്ടെത്തുകയും അധികൃതരുടെ സാന്നിധ്യത്തിൽ അവ പൂർണമായും നശിപ്പിക്കുകയും ചെയ്തു.
റെസിഡൻഷ്യൽ മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും വിപണിയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.