ദോഹ: വിദേശരാജ്യങ്ങളിൽ നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസി കേരളീയർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിലേക്ക് (പി.എൽ.എ.സി) അപേക്ഷ ക്ഷണിച്ചു. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ആസ്ട്രേലിയ, കാനഡ, മലേഷ്യ എന്നീ ഏഴ് രാജ്യങ്ങളിലേക്കാണ് ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കുന്നത്.
വിദേശരാജ്യത്ത് അഭിഭാഷകനായി ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും പ്രവാസിക്ഷേമത്തിൽ താൽപര്യവുമുള്ള മലയാളി അഭിഭാഷകർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് ആഗസ്റ്റ് 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിദേശ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടോ ചെറിയ കുറ്റകൃത്യങ്ങൾ മൂലമോ നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികളെ സഹായിക്കാനാണ് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി പദ്ധതി നടപ്പാക്കുന്നത്. കേസുകളിൽ നിയമോപദേശം നൽകൽ, നഷ്ടപരിഹാരം /ദയാഹർജികൾ എന്നിവയിൽ സഹായിക്കൽ, സാംസ്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കൽ, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങളാണ് പദ്ധതിയിലൂടെ അഭിഭാഷകർ വഴി ലഭ്യമാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവിസ്) എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.