റിയാദ്: ആഗോള എണ്ണ വിപണിയിൽ തങ്ങളുടെ സ്വാധീനമുറപ്പിച്ച് യാംബു തുറമുഖം വഴിയുള്ള എണ്ണ കയറ്റുമതി സൗദി അറേബ്യ വൻതോതിൽ വർധിപ്പിച്ചു. ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കിടയിൽ, ചെങ്കടൽ തീരത്തെ യാംബു തുറമുഖം വഴിയുള്ള കയറ്റുമതി പ്രതിദിനം ഏകദേശം നാല് ദശലക്ഷം ബാരലിലേക്ക് ഉയർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എണ്ണ കയറ്റുമതി ഭൂപടത്തിലെ ഈ തന്ത്രപരമായ മാറ്റം ഹുർമുസ് കടലിടുക്കിന് സുരക്ഷിതമായ ഒരു ബദൽ കണ്ടെത്താൻ സൗദിയെ പ്രാപ്തമാക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങളെ പടിഞ്ഞാറൻ സൗദിയിലെ യാംബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന 1200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിെൻറ (പെട്രോലൈൻ) കാര്യക്ഷമമായ ഉപയോഗമാണ് ഈ നേട്ടത്തിന് പിന്നിൽ.
ഇതോടെ ചെങ്കടൽ വഴി ആഗോള വിപണികളിലേക്ക് നേരിട്ട് എണ്ണ എത്തിക്കാൻ സൗദിക്ക് സാധിക്കുന്നു. ഇതോടെ സൗദി എണ്ണയുടെ ഏക കയറ്റുമതി മാർഗം ഇനി ഹുർമുസ് കടലിടുക്ക് മാത്രമല്ലെന്നും, ആഗോള ഊർജ വിതരണം സുരക്ഷിതമാക്കുന്നതിൽ പെട്രോലൈൻ ഒരു പ്രധാന ആയുധമായി മാറിയെന്നും വ്യക്തമാകുന്നു.
ഗൾഫ് മേഖലയിലെ ഭൗമരാഷ്ട്രീയ വെല്ലുവിളികളിൽ നിന്നും അപകടസാധ്യതകളിൽ നിന്നും വിട്ടുനിന്ന് യൂറോപ്യൻ, ഏഷ്യൻ വിപണികളിലേക്ക് എണ്ണ എത്തിക്കാൻ ഈ പുതിയ റൂട്ട് സൗദിക്ക് വലിയ തോതിൽ വഴക്കം നൽകുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും വൻതോതിൽ ക്രൂഡ് ഓയിൽ സ്വീകരിക്കാനും അയക്കാനുമുള്ള ശേഷിയും കൈവരിച്ചതോടെ യാംബു തുറമുഖം സൗദി എണ്ണ കയറ്റുമതിയുടെ സുപ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞു.
കേവലമൊരു ബദൽ സംവിധാനം എന്നതിനപ്പുറം, രാജ്യത്തിെൻറ എണ്ണ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്ന ഒരു സംയോജിത വ്യവസ്ഥയുടെ ഭാഗമായാണ് യാംബു ഇപ്പോൾ പ്രവർത്തിക്കുന്നത്. ആഗോള കപ്പൽ പാതകൾ നേരിടുന്ന സങ്കീർണമായ വെല്ലുവിളികൾക്കിടയിൽ, കയറ്റുമതി റൂട്ടുകൾ വൈവിധ്യവത്കരിക്കുന്നതിലും ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള സൗദിയുടെ ദീർഘവീക്ഷണമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
ഹുർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ പാതയായി തുടരുമ്പോൾ തന്നെ, യാംബുവും പെട്രോലൈൻ പൈപ്പ്ലൈനും വഴി ഫലപ്രദമായ ഒരു ബദൽ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ സൗദി വിജയിച്ചിരിക്കുകയാണ്. വിശ്വസനീയമായ ആഗോള ഊർജ്ജ വിതരണക്കാരൻ എന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കാൻ ഈ മാറ്റം സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.