മക്കയിൽ ഹജ്ജ് വേളയിൽ പ്രവർത്തനനിരതരായ സൗദി വനിതകൾ
മക്ക: ഹജ്ജ് കർമങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പുണ്യഭൂമിയിൽ സുരക്ഷ, ജനക്കൂട്ട നിയന്ത്രണം, ആരോഗ്യ പരിപാലനം, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സജീവ പങ്കാളിത്തവുമായി സൗദി വനിതകൾ പുതിയ ചരിത്രമെഴുതി. തീർഥാടകർക്ക് മികച്ച ആത്മീയ അനുഭവം സമ്മാനിക്കുക എന്ന സൗദി ഭരണകൂടത്തിെൻറ ലക്ഷ്യങ്ങൾക്ക് കരുത്തുപകരാൻ ഇവരുടെ സന്നദ്ധപ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം ആധുനിക സാങ്കേതികവിദ്യകളും നിർമിതബുദ്ധിയും പ്രയോജനപ്പെടുത്തി നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായാണ് വനിതകൾ സുരക്ഷ രംഗത്തിെൻറ മുൻനിരയിലേക്ക് എത്തിയത്. പുണ്യസ്ഥലങ്ങളിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും, തീർഥാടകരുടെ സുഗമമായ നീക്കങ്ങൾ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വനിത സുരക്ഷവിഭാഗം വലിയ സംഭാവന നൽകി.
രാജ്യത്തിെൻറ വിവിധ പ്രവേശന കവാടങ്ങളിലും ‘മക്ക റൂട്ട്’ സംരംഭത്തിലും പ്രവേശന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഇവർ നിർണായക പങ്കുവഹിച്ചു. കൂടാതെ, വിശുദ്ധ ഹറം പള്ളിയിൽ വനിത തീർഥാടകർക്കായി പ്രാർഥന സൗകര്യങ്ങൾ ഒരുക്കുന്നതിലും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിലും വനിത ജീവനക്കാർ മുന്നിലുണ്ടായിരുന്നു.
ആരോഗ്യ മേഖലയിലും സൗദി വനിതകളുടെ സേവനം ഏറെ പ്രശംസ പിടിച്ചുപറ്റി. മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും വനിത ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും സജീവമായിരുന്നു. ഉയർന്ന ജനസാന്ദ്രതയുള്ള അന്തരീക്ഷത്തിലും രോഗപ്രതിരോധ മാർഗനിർദേശങ്ങൾ നൽകാനും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ഇവർ മികച്ച മികവ് പുലർത്തി.
ഇതോടൊപ്പം, തത്സമയ ഡേറ്റ വിശകലനം, ഇലക്ട്രോണിക് റിപ്പോർട്ടുകൾ തയാറാക്കൽ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിലും സൗദി വനിതകൾ മുന്നിലുണ്ടായിരുന്നു. ഹജ്ജ് സംവിധാനത്തിെൻറ ഫീൽഡ് തലത്തിലുള്ള മാനേജ്മെന്റിലും ഗുണനിലവാരം ഉയർത്തുന്നതിലും തങ്ങളുടെ സ്ഥാനം ഉറപ്പിച്ച ഈ വനിത മുന്നേറ്റം, ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിൽ സൗദി അറേബ്യയുടെ മാതൃകാപരമായ പ്രതിച്ഛായ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.