റിയാദ്: സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് തസ്തികകളിൽ സ്വദേശിവൽക്കരണം വ്യാപിപ്പിച്ചുകൊണ്ട് സൗദി മന്ത്രാലയത്തിെൻറ നിർണായക ഉത്തരവ്. മാനവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് 69 പുതിയ തൊഴിലുകളെ കൂടി ഉൾപ്പെടുത്തി സ്വദേശിവൽക്കരണ നിയമം പരിഷ്കരിച്ചത്.
ഏപ്രിൽ അഞ്ച് മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് പ്രകാരം, പുതുതായി ഉൾപ്പെടുത്തിയ 69 തൊഴിലുകളിലും 100 ശതമാനം സ്വദേശിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. സൗദി യൂനിഫൈഡ് ക്ലാസിഫിക്കേഷൻ ഓഫ് പ്രൊഫഷൻസിലെ നിർവചനങ്ങൾക്കും തൊഴിൽ നാമങ്ങൾക്കും അനുസൃതമായാണ് ഈ മാറ്റം നടപ്പാക്കുന്നത്.
1. സെക്രട്ടേറിയൽ ജോലികൾ
2. റൈറ്റിങ്/ക്ലറിക്കൽ തസ്തികകൾ
3. ട്രാൻസ്ലേഷൻ (വിവർത്തനം)
4. ഡാറ്റ എൻട്രി
5. അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് വിഭാഗങ്ങൾ
പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള തസ്തികകളിൽ ഒരാൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. രാജ്യത്തെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുക, പൗരന്മാർക്ക് ഉൽപ്പാദനക്ഷമമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നിവയാണ് മന്ത്രാലയത്തിെൻറ ലക്ഷ്യം.
പുതിയ തൊഴിലുകളെക്കുറിച്ചും അവ നടപ്പാക്കേണ്ട രീതിയെക്കുറിച്ചും വിശദീകരിക്കുന്ന പുതുക്കിയ മാർഗനിർദ്ദേശങ്ങൾ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം, സ്വദേശിവൽക്കരണവുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്ക് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെൻറ് ഫണ്ട് (ഹദഫ്) വഴി പരിശീലനം, റിക്രൂട്ട്‌മെൻറ്, തൊഴിൽ സ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനുള്ള വിവിധ സഹായ പദ്ധതികളും ആനുകൂല്യങ്ങളും മന്ത്രാലയം വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.