അൽ അഹ്സ: പാസ്പോർട്ട് സംബന്ധമായ വിവിധ സേവനങ്ങൾക്ക് ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ ഫീസ് വർദ്ധനവ് അശാസ്ത്രീയവും അന്യായവുമാണെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) അൽ അഹ്സ ഏരിയ കമ്മിറ്റി യോഗം ആരോപിച്ചു. ആക്ടിങ് പ്രസിഡൻറ് റഷീദ് വരവൂരിെൻറ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ പ്രതിഷേധം ഉയർന്നത്.
മറ്റു രാജ്യങ്ങളുടെ പാസ്പോർട്ട് സേവന ഫീസുമായി താരതമ്യം ചെയ്യുമ്പോൾ, ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ഫീസ് വർദ്ധനവ് ഭീമമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. നിർമാണ മേഖലയിലുൾപ്പെടെ ജോലി ചെയ്യുന്ന, തുച്ഛമായ ശമ്പളം മാത്രം ലഭിക്കുന്ന ഭൂരിഭാഗം വരുന്ന സാധാരണക്കാരായ പ്രവാസി ഇന്ത്യക്കാർക്കും ഈ നിരക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
ഇതിനുപുറമേ, നിലവിൽ പാസ്പോർട്ട് സേവനങ്ങൾക്കായി പ്രവാസികൾക്ക് അവധിയെടുത്ത് 200 കിലോമീറ്റർ അകലെയുള്ള ദമ്മാമിലെ വി.എഫ്.എസ് സെൻററിൽ പോകേണ്ട സ്ഥിതിയുമാണുള്ളത്. മാസത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന വി.എഫ്.എസ്, എംബസി സേവനം നിലവിൽ വളരെ അപര്യാപ്തമാണ്.
അതിനാൽ, ചുരുങ്ങിയത് 15 ദിവസത്തിലൊരിക്കലെങ്കിലും അൽ അഹ്സയിൽ ഈ സേവനം ലഭ്യമാക്കാൻ നടപടിയെടുക്കണം. വർദ്ധിപ്പിച്ച ഫീസുകൾ പുനഃപരിശോധിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ട യോഗം, ഇക്കാര്യത്തിൽ ശക്തമായ ഇടപെടലുകൾ നടത്താൻ കേരളത്തിൽനിന്നുള്ള മുഴുവൻ പാർലമെൻറംഗങ്ങളെയും സമീപിക്കാനും തീരുമാനിച്ചു.
ഒ.ഐ.സി.സി സൗദി നാഷനൽ ജനറൽ സെക്രട്ടറി പ്രസാദ് കരുനാഗപ്പള്ളി, ദമ്മാം റീജനൽ വൈസ് പ്രസിഡൻറ് ശാഫി കുദിർ, ഷാനി ഓമശ്ശേരി, ഹഫ്സൽ മേലേതിൽ, സബീന അഷ്റഫ്, മൊയ്തു അടാടിയിൽ, അൻസിൽ ആലപ്പി, നൗഷാദ് താനൂർ, ഷിബു മുസ്തഫ എന്നിവർ യോഗത്തിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി നിസാം വടക്കേകോണം സ്വാഗതവും ട്രഷറർ ഷിജോമോൻ വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.