റിയാദ്: ആഗോള നിക്ഷേപ മേഖലയിലെ പ്രമുഖ കൂട്ടായ്മയായ ഫ്യൂച്ചർ ഇൻവെസ്റ്റുമെൻറ് ഇനിഷ്യേറ്റീവിെൻറ 10-ാം പതിപ്പ് ഒക്ടോബറിൽ റിയാദിൽ നടക്കും. ‘പൈതൃകത്തിെൻറ കരുത്ത്’ എന്ന പ്രമേയത്തിൽ ഒക്ടോബർ 26 മുതൽ 29 വരെ ഉച്ചകോടി നടക്കുമെന്ന് ഫ്യൂച്ചർ ഇൻവെസ്റ്റുമെൻറ് ഇനിഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഇതോടൊപ്പം സംരംഭത്തിെൻറ 10-ാം വാർഷികാഘോഷവും ഇത്തവണ അരങ്ങേറും.
ധീരമായ ആശയങ്ങൾ പങ്കുവെക്കാനും സവിശേഷമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാനും യഥാർഥ മാറ്റങ്ങൾ സൃഷ്ടിക്കാൻ കെൽപുള്ള പ്രവർത്തനങ്ങൾക്കുമായി ഒരു ആഗോള പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് 10-ാമത് പതിപ്പ്. നിക്ഷേപത്തിെൻറയും മനുഷ്യരാശിയുടെയും ഭാവി നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളും വെല്ലുവിളികളും ഉച്ചകോടി ചർച്ച ചെയ്യും.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സമൂലമായ സാങ്കേതിക മാറ്റങ്ങൾ, ഭൗമരാഷ്ട്രീയ വ്യതിയാനങ്ങൾ, മൂലധന വിപണികളുടെ വികാസം എന്നിവയിലൂടെ ലോകം സാക്ഷ്യം വഹിക്കുന്ന അതിവേഗ പരിവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്. നിക്ഷേപം, വളർച്ച, ആഗോള സഹകരണം എന്നിവയുടെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്താൻ പോകുന്ന ശക്തികളെയും മാറ്റങ്ങളെയും മുൻകൂട്ടി കാണാൻ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്ന് എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദശകത്തിൽ കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ‘പൈതൃകത്തിെൻറ കരുത്ത്’ എന്ന പ്രമേയമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അമീറ മഹാ ബിൻത് മശാരി ബിൻ അബ്ദുൽ അസീസ് പറഞ്ഞു. മറിച്ച്, നമ്മൾ ഇന്ന് എടുക്കുന്ന തീരുമാനങ്ങളും നടത്തുന്ന നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും വരുംതലമുറകളുടെ ഭാവി രൂപപ്പെടുത്താൻ എങ്ങനെ സഹായിക്കുമെന്ന് മനസിലാക്കുന്നതിലാണ് അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ പതിപ്പ് ഇതുവരെയുള്ള നേട്ടങ്ങളുടെ യാത്രയെക്കുറിച്ചുള്ള ഒരു പുനർവിചിന്തനമാണെന്നും അതേസമയം തന്നെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത പുതുക്കലാണെന്നും അവർ വ്യക്തമാക്കി. സ്ഥാപിതമായതു മുതൽ ഇതുവരെ 250 ബില്യൺ ഡോളറിലധികം മൂല്യം വരുന്ന നിക്ഷേപങ്ങൾക്കും സംരംഭങ്ങൾക്കും സൗകര്യമൊരുക്കാനും അവയിലേക്ക് വെളിച്ചം വീശാനും ഈ ഇൻസ്റ്റിറ്റ്യൂട്ടിന് സാധിച്ചിട്ടുണ്ട്.
വ്യക്തവും സുസ്ഥിരവുമായ സ്വാധീനം ചെലുത്തുന്നതിനായി ആഗോള മൂലധനം, ആശയങ്ങൾ, അന്താരാഷ്ട്ര നേതാക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിെൻറ കരുത്താണ് ഇത് വ്യക്തമാക്കുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള 45-ലധികം തന്ത്രപ്രധാന പങ്കാളികളുടെ പിന്തുണയോടെ വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഒരു ആഗോള പ്ലാറ്റ്‌ഫോമായി ഈ ഇൻസ്റ്റിറ്റ്യൂട്ട് മാറിയിട്ടുണ്ടെന്നും അമീറ മഹാ ബിൻത് മശാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.