റിയാദ്: കഴിഞ്ഞ 77 വർഷത്തിനിടയിലെ ആദ്യത്തെ പൂർണ സൂര്യഗ്രഹണത്തെ വരവേൽക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. 2027 ആഗസ്റ്റ് രണ്ടിനാണ് ആകാശത്ത് ഈ അസാധാരണ വിസ്മയം ദൃശ്യമാകുക. ഇതിന് മുൻപ് 1950 ലാണ് സൗദിയിൽ അവസാനമായി പൂർണ സൂര്യഗ്രഹണം അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗ്രഹണപാത കടന്നുപോകുന്ന പ്രദേശങ്ങളിൽ പകൽവെളിച്ചത്തെ താൽക്കാലികമായി പൂർണമായും ഇരുട്ടിലാക്കുന്നതാണ് ഈ അപൂർവ പ്രതിഭാസം.
സൗദിയുടെ പടിഞ്ഞാറൻ, തെക്കൻ മേഖലകളിലെ വിശാലമായ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ഈ ഗ്രഹണപാത, പ്രതിഭാസം നിരീക്ഷിക്കുന്നതിനും ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനും ആഗോള ജ്യോതിശാസ്ത്ര ഭൂപടത്തിൽ സൗദിക്ക് മികച്ച തന്ത്രപ്രധാന സ്ഥാനമാണ് നൽകുന്നത്. ശാസ്ത്ര ഗവേഷകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ മികച്ച അവസരമൊരുക്കുന്ന ഈ ഗ്രഹണം, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജ്യോതിശാസ്ത്രജ്ഞരുടെയും ഫോട്ടോഗ്രാഫർമാരുടെയും നിരീക്ഷണ പ്രേമികളുടെയും വലിയ ശ്രദ്ധ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി സ്പേസ് ഏജൻസിയുടെ വിവരമനുസരിച്ച്, ഈ പൂർണ സൂര്യഗ്രഹണത്തിെൻറ ഏറ്റവും ദൈർഘ്യമേറിയ സമയം രേഖപ്പെടുത്തുക അയൽരാജ്യമായ ഈജിപ്തിന് മുകളിലായിരിക്കും. എങ്കിലും, സൗദിയുടെ പടിഞ്ഞാറൻ, തെക്കൻ മേഖലകളിലുള്ള നിവാസികൾക്കും സന്ദർശകർക്കും ഈ ഗ്രഹണം നേരിട്ട് ദർശിക്കാനാകും. ഇതിനായുള്ള ജ്യോതിശാസ്ത്രപരമായ മുന്നൊരുക്കങ്ങളുടെ പ്രാധാന്യവും ഏജൻസി ഊന്നിപ്പറഞ്ഞു.
സൗദിയുടെ തെക്കൻ മേഖലയിലെ അബഹ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ സൂര്യപ്രകാശം പൂർണമായി മറയുന്ന പ്രതിഭാസം ഏകദേശം ആറ് മിനിറ്റോളം നീണ്ടുനിൽക്കും. അതേസമയം, ജിദ്ദ ഗവർണറേറ്റിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലെ ചില ഭാഗങ്ങളിലും ഇത് ഏകദേശം അഞ്ച് മിനിറ്റും 50 സെക്കൻഡും വരെയായിരിക്കും. മധ്യ, കിഴക്കൻ, വടക്കൻ മേഖലകൾ ഉൾപ്പെടെയുള്ള രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹണമായിരിക്കും അനുഭവപ്പെടുക. ചിലയിടങ്ങളിൽ സൂര്യെൻറ 80 ശതമാനം വരെ ഭാഗം ചന്ദ്രനാൽ മറയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. ഓരോ പ്രദേശത്തിെൻറയും ഭൂമിശാസ്ത്രപരമായ സ്ഥാനത്തിനനുസരിച്ച് ഗ്രഹണത്തിെൻറ ദൈർഘ്യം, സൂര്യൻ മറയുന്നതിെൻറ തോത്, ഗ്രഹണം ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സമയം എന്നിവയിൽ വ്യത്യാസങ്ങൾ ഉണ്ടാകും.
ചെങ്കടൽ തീരത്തുനിന്ന് ആരംഭിച്ച് സൗദിയുടെ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകളിലെ നിരവധി നഗരങ്ങളിലൂടെയും ഗവർണറേറ്റുകളിലൂടെയുമാണ് പൂർണ സൂര്യഗ്രഹണത്തിെൻറ പാത കടന്നുപോകുന്നതെന്ന് ജിദ്ദ അസ്ട്രോണമി സൊസൈറ്റി പ്രസിഡന്റ് എഞ്ചിനീയർ മാജീദ് അബൂ സഹ്റ വ്യക്തമാക്കി.
മക്ക, ജിദ്ദ, തുവൽ, ദഹ്ബാൻ, ഖുലൈസ്, ഉസ്ഫാൻ, ജമൂം, ബഹ്റ, ത്വാഇഫ്, അൽഹദാ, ഷഫാ, അൽലൈത്, അദം, മൻദഖ്, അൽബാഹ, ബൽജുറഷി, അൽമജാരിദ, ഖുൻഫുദ, സബ്ത് അൽഅലായ, നമാസ്, തനൂമ, ബാരിഖ്, ഖമീസ് മുശൈത്, അഹദ് റുഫൈദ, ബീഷ, സ്വബിയ, ജാസാൻ, നജ്റാൻ, ദഹ്റാൻ അൽജനൂബ്, സറാത് ഉബൈദ, ഹറദ്, ഗറാൻ, ഗമൈഖ എന്നീ പ്രദേശങ്ങളിലൂടെയാണ് പ്രധാനമായും ഗ്രഹണ പാത കടന്നുപോകുന്നത്.
ഈ പൂർണ സൂര്യഗ്രഹണ സമയത്ത് പകൽവെളിച്ചം സന്ധ്യാ വെളിച്ചത്തിന് സമാനമായി മാറുമെന്നും, പ്രദേശത്തെ താപനിലയിലും വെളിച്ചത്തിെൻറ അളവിലും വലിയ കുറവുണ്ടാകുമെന്നും എൻജിനീയർ അബൂ സഹ്റ കൂട്ടിച്ചേർത്തു. ഈ അപൂർവ പ്രതിഭാസം വീക്ഷിക്കുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്ദ്ധർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യേക ഫിൽട്ടറുകൾ ഘടിപ്പിച്ച കണ്ണടകളോ (സോളാർ ഫിൽട്ടർ ഗ്ലാസുകൾ) ബൈനോക്കുലറുകളോ ഉപയോഗിക്കാതെ സൂര്യനെ നേരിട്ട് നോക്കരുത്. സുരക്ഷിതവും പ്രയോജനപ്രദവുമായ രീതിയിൽ നിരീക്ഷണം സാധ്യമാക്കുന്നതിനും കാഴ്ചശക്തിക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കുന്നതിനുമാണ് ഈ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.