ആൻറണി ജോഷ്വ, ക്രിസ്റ്റ്യൻ പ്രെൻഗ
ജിദ്ദ: കായിക ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ ഹെവിവെയ്റ്റ് ബോക്സിങ് പോരാട്ടത്തിന് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകുന്നു. മുൻ ചാമ്പ്യനായ ബ്രിട്ടെൻറ ആൻറണി ജോഷ്വ റിങ്ങിലേക്ക് തിരിച്ചെത്തുന്ന ഈ മത്സരം ‘ദി കംബാക്ക്’ എന്ന പേരിലാണ് നടക്കുക. ജൂലൈ 25-ന് ജിദ്ദ സൂപ്പർഡോമിൽ വെച്ചാണ് ഈ മഹാപോരാട്ടം അരങ്ങേറുന്നത്. പ്രമുഖ സ്പോർട്സ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ DAZN വഴി ലോകമെമ്പാടും ഈ മത്സരം തത്സമയം കാണാൻ സാധിക്കും.
തെൻറ കരിയറിലെ ഏറ്റവും വൈകാരികവും നിർണായകവുമായ ഒരു മത്സരത്തിനാണ് ആൻറണി ജോഷ്വ ഇത്തവണ ജിദ്ദയിൽ ഇറങ്ങുന്നത്. അൽബേനിയൻ കരുത്തൻ ക്രിസ്റ്റ്യൻ പ്രെൻഗയെയാണ് നേരിടുന്നത്. കഴിഞ്ഞ വർഷം നൈജീരിയയിലുണ്ടായ ദരുണമായ ഒരു വാഹനാപകടത്തിൽ തെൻറ അടുത്ത സുഹൃത്തുക്കളെയും പരിശീലകരെയും നഷ്ടപ്പെട്ട ശേഷമുള്ള ജോഷ്വയുടെ ആദ്യ മത്സരമാണിത്.
അതുകൊണ്ടുതന്നെ അത്യന്തം വൈകാരികമായ അന്തരീക്ഷത്തിലാണ് ജോഷ്വ തയ്യാറെടുപ്പുകൾ നടത്തുന്നത്. ഭാവിയിൽ ടൈസൺ ഫ്യൂരിയുമായി നടക്കാനിരിക്കുന്ന അതിശക്തമായ പോരാട്ടത്തിലേക്ക് യോഗ്യത നേടാൻ ജോഷ്വയ്ക്ക് ഈ മത്സരത്തിലെ വിജയം അത്യന്താപേക്ഷിതമാണ്. എന്നാൽ താൻ വെറുമൊരു പരിശീലന എതിരാളി മാത്രമല്ലെന്നും കടുത്ത പോരാട്ടത്തിലൂടെ അട്ടിമറി വിജയം നേടുമെന്നും അൽബേനിയൻ നോക്കൗട്ട് വീരനായ ക്രിസ്റ്റ്യൻ പ്രെൻഗ പ്രഖ്യാപിച്ചിട്ടുണ്ട്.
ജിദ്ദയിലെ ഈ കായിക മാമാങ്കത്തിന് മാറ്റുകൂട്ടാൻ രണ്ട് ലോക ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടെൻറ ഹംസ ഷീറാസ് ജർമ്മനിയുടെ സൈമൺ സാച്ചൻഹൂബർക്കെതിരെ തെൻറ ഡബ്ല്യു.ബി.ഒ സൂപ്പർ മിഡിൽവെയ്റ്റ് കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ, ജോഷ് കെല്ലി തെൻറ ഐ.ബി.എഫ് സൂപ്പർ വെൽറ്റർവെയ്റ്റ് കിരീടത്തിനായി ഐറിഷ് താരം കയോംഹിൻ അഗ്യാർക്കോയെ നേരിടും.
ഈ സൂപ്പർ മത്സരങ്ങൾക്ക് മുന്നോടിയായുള്ള 'ഫൈറ്റ് വീക്ക്' ചടങ്ങുകൾ ജൂലൈ 22-ന് ജിദ്ദ യാച്ച് ക്ലബ്ബിലെ താരങ്ങളുടെ ഔദ്യോഗിക വരവോടെ ആരംഭിക്കും. തുടർന്ന് 23-ന് വാർത്താസമ്മേളനവും 24-ന് താരങ്ങളുടെ ഔദ്യോഗിക ഭാരപരിശോധനയും ജിദ്ദ പ്രൊമെനേഡിൽ നടക്കും. 25-ന് സൗദി സമയം വൈകുന്നേരം നാലിന് മത്സരങ്ങൾ ആരംഭിക്കും. മുഖ്യ മത്സരമായ ആൻറണി ജോഷ്വയും ക്രിസ്റ്റ്യൻ പ്രെംഗയും തമ്മിലുള്ള പോരാട്ടം സൗദി സമയം അർദ്ധരാത്രിയോടെയായിരിക്കും നടക്കുക.
ഈ പോരാട്ടവേദിയിലെ മറ്റൊരു പ്രധാന ആകർഷണമായി ഇന്ത്യയുടെ അഭിമാന താരം നിഷാന്ത് ദേവും മത്സരരംഗത്ത് എത്തുന്നു. ഹരിയാനയിലെ കർണാലിൽ ജനിച്ച 25-കാരനായ ഈ ഇടംകയ്യൻ താരം നിലവിൽ സൂപ്പർ വെൽറ്റർവെയ്റ്റ് വിഭാഗത്തിലാണ് മത്സരിക്കുന്നത്. 2023-ലെ ഐ.ബി.എ വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടുകയും 2024-ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത നിഷാന്ത്, 2025-ലാണ് പ്രഫഷനൽ ബോക്സിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്.
ഇന്ത്യൻ ബോക്സിങ് താരം നിഷാന്ത് ദേവ്
നിലവിൽ കളിച്ച ആറ് പ്രഫഷനൽ മത്സരങ്ങളിലും വിജയിച്ച് പരാജയമറിയാതെ മുന്നേറുന്ന നിഷാന്ത് ദേവിെൻറ എതിരാളി പെറുവിെൻറ പരിചയസമ്പന്നനായ താരം സിസാർ ഡയസ് ആണ്. അന്താരാഷ്ട്ര തലത്തിൽ തെൻറ ജൈത്രയാത്ര തുടരാൻ ഉറച്ചാണ് ഇന്ത്യൻ താരം റിങ്ങിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.