കഴിഞ്ഞ ദിവസം കണ്ണൂരിൽ പിടിയിലായ ടി. ഫസലുദ്ദീൻ
ഇയാൾ റിയാദിൽ ജയിലിൽ ആയിരുന്നപ്പോഴുള്ള ചിത്രം
റിയാദ്/കണ്ണൂർ: സൗദി അറേബ്യയിലെ പ്രമാദമായ കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും, പ്രവാസി സമൂഹത്തിെൻറയും സുമനസ്സുകളുടെയും കാരുണ്യത്തിൽ ലക്ഷങ്ങൾ ദിയാധനം (മോചനദ്രവ്യം) നൽകി മോചിതനാവുകയും ചെയ്ത പ്രതി നാട്ടിൽ വൻ രാസലഹരി ശൃംഖലയുടെ തലവനായി പിടിയിലായി.
കണ്ണൂർ കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മൻസിലിൽ (സജ്ന മൻസിൽ) ടി. ഫസലുദ്ദീനെയാണ് (44) മെത്താംഫെറ്റമിൻ (എം.ഡി.എം.എ) വിൽപനയ്ക്കിടെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടുകടയുടെ മറവിലായിരുന്നു ഇയാളുടെ ലഹരി കച്ചവടം. സംസ്ഥാനാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ ഇയാളെ, സംസ്ഥാന പൊലീസ് നടത്തുന്ന പ്രത്യേക ലഹരിവിരുദ്ധ കാമ്പയിനായ ‘ഓപ്പറേഷൻ തൂഫാെൻറ’ ഭാഗമായാണ് പിടികൂടിയത്.
റിയാദിലെ അഷ്റഫ് കൊലക്കേസും മോചനവും
2008 മേയിലാണ് കേസിനാസ്പദമായ കൊലപാതകം നടക്കുന്നത്. റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫസലുദ്ദീനും കൂട്ടാളികളും ചേർന്ന് ഒന്നിച്ച് താമസിച്ചിരുന്ന മംഗലാപുരം സ്വദേശി അഷറഫിനെ സാമ്പത്തിക തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി പൊതുമാലിന്യ പെട്ടിയിൽ തള്ളാൻ ശ്രമിക്കുന്നതിനിടെ ഫസലുദ്ദീൻ ഉൾപ്പെടെയുള്ള നാല് മലയാളികളെ സൗദി മതകാര്യ പൊലീസ് പിടികൂടുകയായിരുന്നു.
തുടർന്ന് സൗദി കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചു. പ്രതികളുടെ ദയനീയാവസ്ഥ പരിഗണിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും നോർക്കയും വിഷയത്തിൽ ഇടപെട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പരേതനായ ശിവദാസൻ ഈ മോചന ആവശ്യത്തിന് പല തവണ സൗദി സന്ദർശിച്ചിരുന്നു. അദ്ദേഹവും നോർക്ക കൺസൽട്ടൻറ് ശിഹാബ് കൊട്ടുകാടും മറ്റ് സാമൂഹികപ്രവർത്തകരും കൊല്ലപ്പെട്ട അഷറഫിെൻറ അക്കാലത്ത് റിയാദിലുണ്ടായിരുന്ന പിതാവുമായി നടത്തിയ നിരന്തര ചർച്ചയുടെ ഫലമായി 80 ലക്ഷം രൂപ ദിയാധനം നൽകി മാപ്പ് ഉറപ്പാക്കുകയായിരുന്നു.
പ്രമുഖ പ്രവാസി വ്യവസായി ഡോ. സി.കെ. മേനോൻ ഈ ഭീമമായ തുക റിയാദിലെ കോടതിയിൽ കെട്ടിവെക്കാൻ തയ്യാറായതോടെയാണ് മോചനത്തിന് വഴിതുറന്നത്. വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിൽ ഫസലുദ്ദീൻ, തിരുവനന്തപുരം സ്വദേശി മുഹമ്മദ് സക്കീർ, പെരിന്തൽമണ്ണ സ്വദേശി മുസ്തഫ എന്നിവർ അൽ ഹായിർ ജയിലിൽ നിന്നും മോചിതരായി നാട്ടിലെത്തി. ഇതേ കേസിലെ മറ്റൊരു പ്രതിയായ മണ്ണാർക്കാട് സ്വദേശി മുസ്തഫയുടെ മോചനം പിന്നീട് സാധ്യമായി.
നാട്ടിലെത്തിയ ഫസലുദ്ദീൻ താൻ കർണാടകയിൽ ജോലി ചെയ്യുകയാണെന്നാണ് നാട്ടുകാരെ ധരിപ്പിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ ഇയാൾ ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന ലഹരി മാഫിയയുടെ മുഖ്യ സൂത്രധാരനായി മാറുകയായിരുന്നത്രെ. ബംഗളൂരുവിൽ പോയി മടങ്ങിവരുമ്പോഴെല്ലാം വലിയ തോതിൽ ഇയാൾ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നു.
നേരത്തെ ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ കടത്തിയ കേസിൽ റിമാൻഡിലായിരുന്ന പടിയൂർ സ്വദേശി ഡെന്നി ഏബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതാണ് ഈ കേസിൽ വഴിത്തിരിവായത്. ഡെന്നിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫസലുദ്ദീെൻറ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതോടെയാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെ യഥാർത്ഥ തലച്ചോറ് ഫസലുദ്ദീനാണെന്ന് പൊലീസിന് വ്യക്തമായത്. തുടർന്ന് നടത്തിയ കൃത്യമായ ആസൂത്രണത്തിനൊടുവിൽ ഇയാളെ വലിയ അളവിലുള്ള രാസലഹരിയുമായി ഇരിട്ടി പൊലീസ് പിടികൂടുകയായിരുന്നു.
സ്വന്തം കുടുംബത്തെ ഓർത്ത് ലക്ഷങ്ങൾ പിരിച്ചും സുമനസ്സുകളുടെ കാരുണ്യം കൊണ്ടും വധശിക്ഷയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഒരാൾ നാടിനെ നശിപ്പിക്കുന്ന ലഹരി മാഫിയയുടെ തലവനായി മാറിയത് വിശ്വസിക്കാനാകുന്നില്ലെന്നാണ് നാട്ടുകാരും പ്രവാസികളും ഒരേ സ്വരത്തിൽ പറയുന്നത്. തങ്ങളെ സഹായിച്ച കൈകളെപ്പോലും ലജ്ജിപ്പിക്കുന്ന നന്ദികേടാണ് ഇയാൾ കാട്ടിയതെന്നും അവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.