സൗദി- സിറിയ നിക്ഷേപ പങ്കാളിത്ത കരാറിൽ സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹും
സിറിയൻ സാമ്പത്തിക, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് അൽഷാറും ഒപ്പുവെക്കുന്നു
റിയാദ്: സൗദിയും സിറിയയും തമ്മിൽ നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹും സിറിയൻ സാമ്പത്തിക, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് അൽഷാറും കരാറുകളിൽ ഒപ്പുവെച്ചു. സൗദിയും സിറിയയും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റിയാദിൽ ആരംഭിച്ച സൗദി സിറിയൻ വട്ടമേശ യോഗത്തിനിടെയാണ് കരാറുകളിൽ ഒപ്പുവെച്ചത്. നിരവധി ഉദ്യോഗസ്ഥരും ബിസിനസുകാരും സമ്മേളനത്തിൽ പങ്കെടുത്തു.
തന്ത്രപരമായ പങ്കാളിത്തം സജീവമാക്കുന്നതിനും സംയുക്ത നിക്ഷേപങ്ങളുടെ അടിത്തറ വികസിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ പരിസമാപ്തിയാണ് ഈ കരാറെന്ന് ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ആകർഷകമായ നിയമ, നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുക, നിക്ഷേപ സംരക്ഷണം ഉറപ്പാക്കുന്ന പ്രായോഗിക ചട്ടക്കൂടുകൾ നൽകുക, മൂലധനത്തിന്റെ ഒഴുക്ക് സുഗമമാക്കുക, വ്യവസായം, സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മേഖലകളുടെ വികസനത്തിന് സംഭാവന നൽകുക എന്നിവയാണ് സമ്മേളന ലക്ഷ്യമെന്നും ഇരുപക്ഷവും വ്യക്തമാക്കി.
നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കുന്നതിനും സുസ്ഥിര വികസന പാതകളെ പിന്തുണക്കുന്നതിനും സംഭാവന ചെയ്യുന്ന വിശാലമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള സൗദി, സിറിയൻ നേതൃത്വങ്ങളുടെ അഭിലാഷങ്ങൾ ഈ കൂടിക്കാഴ്ചയിൽ ഉൾക്കൊള്ളുന്നുവെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. മൂന്നാഴ്ച മുമ്പ് സൗദി നിക്ഷേപ പ്രതിനിധി സംഘം സിറിയ സന്ദർശിച്ചപ്പോൾ നേടിയെടുത്ത പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കൂടിക്കാഴ്ച . ആ സന്ദർശനം സാമ്പത്തിക സഹകരണത്തിന്റെ പാലങ്ങൾ നിർമിക്കപ്പെട്ടുവെന്നും നിക്ഷേപമന്ത്രി പറഞ്ഞു.
സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന സമഗ്ര സാമ്പത്തിക പരിഷ്കാരങ്ങളെ, പ്രത്യേകിച്ച് പുതിയ നിക്ഷേപ നിയമം പുറപ്പെടുവിച്ചതിനെ നിക്ഷേപ മന്ത്രി പ്രശംസിച്ചു. സിറിയക്ക് സമ്പന്നമായ ഒരു നിക്ഷേപ ഭാവി കെട്ടിപ്പടുക്കുന്നതിനും അത് മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ആത്മാർഥമായ ആഗ്രഹത്തെയാണ് ഈ നടപടികൾ പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. സാമ്പത്തിക ബന്ധങ്ങളും നിക്ഷേപ സംയോജനവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. സിറിയയിലെ സൗദി നിക്ഷേപങ്ങൾക്കായി ഒരു ഫണ്ട് സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം നിക്ഷേപ മന്ത്രാലയം നിലവിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സംയുക്ത നിക്ഷേപ ശ്രമങ്ങൾക്ക് അടിസ്ഥാന സ്തംഭമായി ഇത് പ്രവർത്തിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സൗദിക്കും സിറിയക്കും ഇടയിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനുമുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശങ്ങളുടെ തുടർച്ചയായി സിറിയൻ സാമ്പത്തിക, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് നിദാൽ അൽഷാറിന്റെ നേതൃത്വത്തിലുള്ള സിറിയൻ പ്രതിനിധി സംഘം തിങ്കളാഴ്ചയാണ് സൗദിയിലെത്തിയത്. സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികളോടൊപ്പമുളള സന്ദർശനം സാമ്പത്തിക സഹകരണത്തിന്റെ പാലങ്ങൾ പണിയുന്നതിനും പ്രാദേശിക സംയോജനം വർധിപ്പിക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമാണ്.
കഴിഞ്ഞ മാസം സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽഷറയുടെ നേതൃത്വത്തിൽ നടന്ന സൗദി-സിറിയൻ നിക്ഷേപ ഫോറത്തിന്റെ ഫലങ്ങളുടെ തുടർച്ചയാണ് ഈ സന്ദർശനം. 100ലധികം സൗദി കമ്പനികളുടെയും 20 സർക്കാർ ഏജൻസികളുടെയും പങ്കാളിത്തത്തോടെയായിരുന്നു അത്. സുപ്രധാന മേഖലകളിലെ 47 നിക്ഷേപ പദ്ധതികൾക്കുള്ള മൊത്തം നിക്ഷേപം 24 ബില്യൺ റിയാലിലധികം വരുന്ന കരാർ ഒപ്പുവെച്ചതിലുൾപ്പെടും. മേഖലയിലെ സഹോദര രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും ആഗോള നിക്ഷേപ പങ്ക് വർധിപ്പിക്കുന്നതിലും, സുസ്ഥിര വികസന ലക്ഷ്യങ്ങളും വിഷൻ 2030 കൈവരിക്കുന്നതിന് പിന്തുണ നൽകുന്നതിലുമുള്ള സൗദിയുടെ പ്രതിബദ്ധതയും താൽപര്യവും അടിവരയിടുന്നതാണ് ഈ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.