റിയാദിലെ ചില്ല സർഗവേദിയുടെ ഫെബ്രുവരി മാസ വായന ഓൺലൈൻ
റിയാദ്: യുദ്ധവിരുദ്ധ ചിന്തകളും സാഹിത്യത്തിലെ മാനവികതയും ചർച്ച ചെയ്തുകൊണ്ട് റിയാദിലെ ചില്ല സർഗവേദിയുടെ ഫെബ്രുവരി മാസ വായന ഓൺലൈനായി സംഘടിപ്പിച്ചു.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത എഴുത്തുകാരനുമായ വി. ഷിനി ലാൽ ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി. സാഹിത്യവും സാമൂഹിക ഉത്തരവാദിത്വവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ലോകത്തിന്റെ ഏതു ഭാഗത്ത് യുദ്ധം നടന്നാലും നേരിട്ട് പങ്കാളികളല്ലാത്ത മലയാളികൾക്കും അത് വാർത്തകളിലൂടെയും സാഹിത്യത്തിലൂടെയും ഒരു ‘സെക്കൻഡറി അനുഭവം’ ആയി മാറാറുണ്ടെന്ന് നിരീക്ഷിച്ചു.
എസ്.കെ. പൊറ്റക്കാട്, ഉറൂബ്, തകഴി ശിവശങ്കരപ്പിള്ള തുടങ്ങിയവരുടെ കൃതികളിലെ യുദ്ധാനുഭവങ്ങളെ മുൻനിർത്തി മനുഷ്യവേദനയുടെ രേഖപ്പെടുത്തലായി സാഹിത്യം എങ്ങനെ മാറുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ബ്രിട്ടീഷ് കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധഭൂമിയിൽ മരിച്ചിട്ടും ചരിത്രത്തിൽ അടയാളപ്പെടാതെ പോയ അജ്ഞാതരായ മലയാളികളെയും അദ്ദേഹം അനുസ്മരിച്ചു. വായന പ്രായത്തിനും കാലഘട്ടത്തിനുമൊപ്പം മാറുന്ന ഒന്നാണെന്ന് സ്വന്തം വായനാനുഭവങ്ങളിലൂടെ അദ്ദേഹം ഓർമിപ്പിച്ചു.
മൂന്ന് പ്രമുഖ കൃതികളുടെ വായനാനുഭവങ്ങളാണ് പരിപാടിയിൽ അവതരിപ്പിക്കപ്പെട്ടത്. വി. ഷിനി ലാലിന്റെ ‘124’ എന്ന പുസ്തകം ടി.ആർ. സുബ്രഹ്മണ്യൻ അവതരിപ്പിച്ചു. നിയമങ്ങളുടെ അർത്ഥശൂന്യതയും ശക്തമായ രാഷ്ട്രീയവും ചർച്ച ചെയ്യുന്ന കൃതിയുടെ സവിശേഷതകൾ അദ്ദേഹം വിശദീകരിച്ചു.
കെ.ആർ. മീരയുടെ ‘കലാച്ചി’ പ്രിയ സന്തോഷ് അവതരിപ്പിച്ചു. മിത്തും ഭ്രമാത്മകതയും ചേർത്ത് വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ യാഥാർഥ്യങ്ങളും സ്ത്രീപക്ഷ നിലപാടുകളും കൃതി എങ്ങനെ പങ്കുവെക്കുന്നുവെന്ന് പ്രിയ ചൂണ്ടിക്കാട്ടി. ചന്ദ്രമതിയുടെ ‘ഒഴുകാതെ ഒരു പുഴ’ എന്ന ലിയോ ടോൾസ്റ്റോയിയുടെ ഭാര്യ സോഫിയയുടെ ആത്മസംഘർഷങ്ങൾ പ്രമേയമായ നോവലിന്റെ വായനാനുഭവം ഇക്ബാൽ കൊടുങ്ങല്ലൂർ പങ്കുവെച്ചു.
സീബ കൂവോട് മുഖവുര അവതരിപ്പിച്ച ചടങ്ങിൽ സുരേഷ് ലാൽ മോഡറേറ്ററായിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ കെ.പി.എം. സാദിഖ്, വിപിൻ കുമാർ, സുനിൽ കുമാർ തിരുവനന്തപുരം, ശശി കാട്ടൂർ, റസൂൽ സലാം, റഫീഖ് പന്നിയങ്കര, അജിത് ഖാൻ, ഫൈസൽ കൊണ്ടോട്ടി, സെബിൻ ഇക്ബാൽ, നാസർ കാരക്കുന്ന്, നജീം കൊച്ചുകലുങ്ക്, വിനയൻ എന്നിവർ സംസാരിച്ചു. ജോമോൻ സ്റ്റീഫൻ ചർച്ചകൾ ഉപസംഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.