സൗദിയുടെ സഹായവസ്തുക്കളുടെ ട്രക്കുകൾ ഗസ്സയിലെത്തിയപ്പോൾ
യാംബു: യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സ മുനമ്പിലേക്ക് സൗദി അറേബ്യയുടെ പുതിയ ബാച്ച് ദുരിതാശ്വാസ സാമഗ്രികൾ എത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുമായി എത്തിയ ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചു. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ് റിലീഫ്) നേതൃത്വത്തിൽ ഫലസ്തീൻ ജനതയ്ക്കായി നടപ്പാക്കുന്ന ധനസമാഹരണ കാമ്പയിെൻറ ഭാഗമായാണ് ഈ സഹായം എത്തിച്ചിരിക്കുന്നത്. ഗസ്സയിലെ പ്രാദേശിക പങ്കാളിയായ ‘സൗദി സെന്റർ ഫോർ കൾചർ ആൻഡ് ഹെറിറ്റേജ്’ ആണ് സഹായവസ്തുക്കൾ ഏറ്റുവാങ്ങിയത്. സന്നദ്ധ പ്രവർത്തകരുടെ പ്രത്യേക ഫീൽഡ് ടീമുകൾ വഴി അർഹരായ കുടുംബങ്ങളിലേക്ക് ഇവ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കൃത്യമായ മാനുഷിക മാനദണ്ഡങ്ങളും സുരക്ഷിതമായ വിതരണ സംവിധാനങ്ങളും ഉറപ്പാക്കിക്കൊണ്ട്,
ഏറ്റവും ദുർബലരായ കുടുംബങ്ങളിലേക്ക് സഹായമെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കടുത്ത ഭക്ഷ്യക്ഷാമവും മോശം ജീവിതസാഹചര്യങ്ങളും നേരിടുന്ന ഫലസ്തീനികളുടെ പ്രയാസങ്ങൾ ലഘൂകരിക്കാനുള്ള സൗദിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതിസന്ധിഘട്ടങ്ങളിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് കെ.എസ് റിലീഫിലൂടെ പ്രകടമാകുന്നത്. ഇസ്രായേൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ കാരണം സൗദി ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള സഹായവസ്തുക്കൾ ഗസ്സയിൽ എത്തുന്നതിൽ നേരത്തെ വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു. ഇതിനിടയിലാണ് പുതിയ സഹായം ഗസ്സയിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.