റിയാദ്: രജിസ്റ്റർ ചെയ്യാത്ത ഉൽപന്നങ്ങൾ വിറ്റതിന് റിയാദിൽ സ്വകാര്യ ഫാക്ടറിക്ക് 14 ലക്ഷം പിഴ. റിയാദിലെ ന്യൂ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു ഫാക്ടറിക്കാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഇത്രയധികം പിഴ ചുമത്തിയത്. രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ നിർമിക്കുകയും വിൽപന നടത്തുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
അതോറിറ്റിയുടെ നിരീക്ഷണ പര്യടനങ്ങൾക്കിടയിലാണ് നിയമലംഘനം നിരീക്ഷിച്ചത്. ഫാക്ടറി രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് വാണിജ്യാടിസ്ഥാനത്തിൽ ഫാർമസ്യൂട്ടിക്കൽ, ഹെർബൽ ഉൽപന്നങ്ങൾ സ്ഥാപനം നിർമിച്ച് വിൽക്കുന്നതായി കണ്ടെത്തി. വ്യത്യസ്ത തരത്തിലുള്ള 29 ഉൽപന്നങ്ങളുടെ ഒരു ലക്ഷത്തിലധികം പാക്കേജുകൾ പിടിച്ചെടുത്തു.
ഫാർമസ്യൂട്ടിക്കൽ, ഹെർബൽ ഉൽപന്നങ്ങളുടെയും സ്ഥാപന ചട്ടങ്ങളുടെയും ആർട്ടിക്കിൾ 28ന്റെ അടിസ്ഥാനത്തിൽ ഇത് നിയമലംഘനമായി കണക്കാക്കുന്നതായി അതോറിറ്റി വ്യക്തമാക്കി.
ഒരു ഫാർമസ്യൂട്ടിക്കൽ, ഹെർബൽ നിർമാണ ഫാക്ടറി ഫാർമസ്യൂട്ടിക്കൽ, ഹെർബൽ ഉൽപന്നങ്ങൾ രജിസ്റ്റർ ചെയ്തതിന് ശേഷമല്ലാതെ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനോ വിൽപന നടത്താനോ പാടില്ലെന്ന് അത് വ്യവസ്ഥ ചെയ്യുന്നു. 10 വർഷത്തിൽ കൂടാത്ത തടവോ ഒരു കോടി റിയാലിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.