റുബ് അൽ ഖാലിയിലെ സൗദിയുടെ ഷൈബ എണ്ണപ്പാടം
റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ സൈനിക-സാമ്പത്തിക കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടുണ്ടായ വൻതോതിലുള്ള ഡ്രോൺ-ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി നടന്ന വിവിധ ആക്രമണ ശ്രമങ്ങളിലായി രണ്ട് ബാലിസ്റ്റിക് മിസൈലുകളും 30ലധികം ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടു.
അതിനിടെ, ഞായറാഴ്ച്ച വൈകിട്ട് ആൽഖർജിൽ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി എത്തിയ മിസൈൽ ലക്ഷ്യം തെറ്റി സമീപത്തെ പാർപ്പിട കേന്ദ്രത്തിൽ പതിച്ചു മരിച്ച രണ്ടുപേരും ബംഗ്ലാദേശ് പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്ന രീതിയിൽ ആദ്യം പുറത്തുവിട്ട വാർത്ത പ്രതിരോധ മന്ത്രാലയം തന്നെ പിന്നെ തിരുത്തുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ഇക്കാര്യം റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുമുണ്ട്. പരിക്കേറ്റ ബാക്കി 11 പേർ ബംഗ്ലാദേശ് പൗരന്മാരാണ്. ഇറാനിൽ നിന്ന് ആക്രമണമുണ്ടായ ശേഷം സൗദിയിൽ സംഭവിച്ച ആദ്യത്തെ ആളപായമാണിത്. ഒരു ക്ലീനിങ് ആൻഡ് മെയിൻറനൻസ് കമ്പനിയുടെ ലേബർ ക്യാമ്പിലാണ് അത്യാഹിതം സംഭവിച്ചത്.
പ്രതിരോധിച്ച പുതിയ ആക്രമണങ്ങൾ
പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പകലും നടന്ന ആക്രമണ സംഭവങ്ങൾ ഇനി പറയും പ്രകാരമാണ്.
അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തന്നെ തകർത്തു. റുബ് അൽ ഖാലി വഴി ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 12 ഡ്രോണുകളെ വിവിധ ഘട്ടങ്ങളിലായി സൈന്യം തടഞ്ഞു നശിപ്പിച്ചു. തലസ്ഥാന നഗരമായ റിയാദിന് വടക്കുഭാഗത്ത് ഭീഷണി ഉയർത്തിയ രണ്ട് ഡ്രോണുകളും കിഴക്കൻ മേഖലയിൽ എത്തിയ 17 ഡ്രോണുകളും വെടിവെച്ചിട്ടു. റിയാദിലെ അതീവ സുരക്ഷാ മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടറിന് നേരെ നടന്ന ആക്രമണ ശ്രമവും പരാജയപ്പെടുത്തി. കിഴക്കൻ അൽ ജൗഫ് ലക്ഷ്യമിട്ടെത്തിയ ഒരു ഡ്രോണും പ്രതിരോധ വിഭാഗം തകർത്തു. സംഘർഷം ആരംഭിച്ച് കഴിഞ്ഞ 10 ദിവസങ്ങൾക്കിടെയുണ്ടായ ആക്രമണങ്ങളിൽ ഭൂരിഭാഗവും പരാജയപ്പെടുത്തിയെങ്കിലും ഞായറാഴ്ച വൈകിട്ട് ആൽ ഖർജിലുണ്ടായ മിസൈൽ പതനമാണ് വലിയ അപകടമുണ്ടാക്കിയത്. രണ്ട് ജീവനുകൾ പൊലിഞ്ഞു.
ഔദ്യോഗിക പ്രതികരണം
രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക സ്രോതസ്സുകൾക്കും ഭീഷണിയാകുന്ന ഇത്തരം ഭീകരനീക്കങ്ങളെ അതിനൂതന പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ചിലയിടങ്ങളിൽ പതിച്ചെങ്കിലും മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിലിയന്മാരുടെ സംരക്ഷണത്തിനായി സൈന്യം സദാ സന്നദ്ധരാണെന്നും മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.