ഫോട്ടോ: മരുഭൂമിയിൽ ഇടയന്മാർക്കൊപ്പം ജി.എം.എഫ് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമവും റമദാൻ കിറ്റ് വിതരണവും
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) വർഷംതോറും സംഘടിപ്പിച്ചു വരാറുള്ള മരുഭൂമിയിലെ ഇഫ്താർ സ്നേഹ സംഗമവും റമദാൻ കിറ്റ് വിതരണവും ഈ വർഷവും ശ്രദ്ധേയമായി നടന്നു. റിയാദ് നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ, മരുഭൂമിയിൽ താമസിക്കുന്ന ഇടയ സഹോദരങ്ങൾക്കായാണ് റമദാനിലെ 17ാം നോമ്പ് ദിനത്തിൽ സ്നേഹവിരുന്നൊരുക്കിയത്.
അംഗങ്ങൾ കൊണ്ടുവന്ന ഭക്ഷണസാധനങ്ങൾ സ്ത്രീകളും കുട്ടികളും ചേർന്നാണ് പാക്ക് ചെയ്തത്. മഗ്രിബ് ബാങ്ക് സമയമായതോടെ ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുന്ന ഇടയന്മാരെ അവരുടെ താമസസ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ ഇഫ്താർ സംഗമസ്ഥലത്ത് എത്തിച്ചു. മരുഭൂമിയിലെ ഇടയ ജീവിതങ്ങൾ അടുത്തറിയാൻ സ്ത്രീകളും കുട്ടികളും ഈ അവസരം വിനിയോഗിച്ചു.
ശേഷം കുടുംബാംഗങ്ങളും ഇടയന്മാരും ഒന്നിച്ച് ചേർന്ന് ഇഫ്താർ നടത്തി സൗഹൃദം പങ്കിട്ടു. മരുഭൂമിയിൽ വെച്ച് തന്നെ മഗ്രിബ് നമസ്കാരവും നിർവഹിച്ചു. ചടങ്ങിൽ വെച്ച് ഇടയന്മാർക്കുള്ള റമദാൻ സ്നേഹ കിറ്റുകൾ ചെയർമാൻ റാഫി പാങ്ങോട് വിതരണം ചെയ്തു. കിറ്റുകൾ സ്വീകരിച്ച ശേഷം അവരെ തിരികെ താമസസ്ഥലങ്ങളിൽ എത്തിക്കാനും സംഘടന വാഹന സൗകര്യം ഒരുക്കിയിരുന്നു.
റിയാദ് സെൻട്രൽ കമ്മിറ്റി ട്രഷറർ സജീർ പെരുംകുളം പരിപാടി ഏകോപിപ്പിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ടോം സി. മാത്യു, സുബൈർ കുമ്മിൾ, ഷംസുദീൻ (ബാപ്പുക്ക), നിഷാദ്, നസീർ കുന്നിൽ, ഷബീർ, നുസ്രത് അമ്മഞ്ചേരി, സജ്ന സജീർ, റംലത്തു ബീവി, ഹനിത്രി, നിസാം, ബിനോയ്, റിയാസ് പാലക്കാട്, നിസ കല്ലമ്പലം, റൂബി ടോം, ഷാനവാസ് വെമ്പിളി, സബീർ തുടങ്ങിയവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
അരി, പഞ്ചസാര, തേയില, ഉപ്പ്, മസാലപ്പൊടികൾ, ഓട്സ്, എണ്ണ, ഈത്തപ്പഴം എന്നിവ ഉൾപ്പെട്ട കിറ്റുകളാണ് വർഷംതോറും വിതരണം ചെയ്യുന്നത്. ചില ക്യാമ്പുകളിൽ ഇഫ്താർ ഭക്ഷണ കിറ്റുകളും നേരിട്ട് എത്തിക്കാറുണ്ട്. റമദാനിലെ 30 ദിവസങ്ങളിലും അർഹരായവരിലേക്ക് കിറ്റുകൾ എത്തിക്കുന്ന പ്രവർത്തനം തുടരുമെന്ന് ചെയർമാൻ റാഫി പാങ്ങോട് അറിയിച്ചു. ജി.സി.സി രാജ്യങ്ങളിലെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമങ്ങളും അത്താഴ വിരുന്നുകളും സംഘടിപ്പിച്ചു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.