റിയാദ്: അയൽരാജ്യങ്ങളുമായുള്ള സമാധാന വാഗ്ദാനങ്ങൾ ഇറാൻ പാലിക്കുന്നില്ലെന്നും പ്രകോപനപരമായ ആക്രമണങ്ങൾ തുടരുകയാണെന്നും സൗദി അറേബ്യ. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങൾ, മറ്റ് അറബ്-ഇസ്ലാമിക സൗഹൃദ രാജ്യങ്ങൾ എന്നിവക്കെതിരെ ഇറാൻ നടത്തുന്ന നീക്കങ്ങളെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഒരു സാഹചര്യത്തിലും ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും
രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദിക്ക് പൂർണ അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. സിവിലിയൻ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണ ഉൽപാദന കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണ്. മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി.അയൽ രാജ്യങ്ങളെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന ഇറാൻ പ്രസിഡൻറിന്റെ പ്രസ്താവന വെറും വാക്കായി അവശേഷിക്കുകയാണെന്ന് സൗദി ചൂണ്ടിക്കാട്ടി. ഇത്തരം സമാധാനാഹ്വാനങ്ങൾ പ്രവൃത്തിയിൽ കൊണ്ടുവരാൻ ഇറാൻ തയ്യാറായിട്ടില്ല. ദുർബലമായ കാരണങ്ങൾ നിരത്തി ഇറാൻ ആക്രമണങ്ങൾ തുടരുകയാണ്. യുദ്ധത്തിൽ പങ്കെടുക്കുന്നതിനായി സൗദി യുദ്ധവിമാനങ്ങൾ അയക്കുന്നുവെന്നോ വിമാനങ്ങളിൽ ഇന്ധനം നിറക്കുന്നുവെന്നോ ഉള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം ആവർത്തിച്ചു.
വ്യോമ നിരീക്ഷണവും പ്രതിരോധവും
ഇറാനിയൻ മിസൈലുകളിൽ നിന്നും ഡ്രോണുകളിൽ നിന്നും രാജ്യത്തെയും ജി.സി.സി സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യൻ വിമാനങ്ങൾ വ്യോമ പട്രോളിങ് നടത്തുന്നുണ്ട്. മേഖലയിലെ സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ. ഇറാന്റെ തുടർച്ചയായ പ്രകോപനങ്ങൾ മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കുമെന്നും ഇത് ഭാവിയിലെ ഉഭയകക്ഷി ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകി.വ്യാപകമായ യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങളെ ഇറാൻ അവഗണിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ഇപ്പോഴത്തെ നടപടികൾ വിവേകശൂന്യമാണ്. സമാധാന താൽപര്യങ്ങൾ അവഗണിച്ചുകൊണ്ട് ഈ നിലപാടുകൾ തുടരുകയാണെങ്കിൽ ഭാവിയിൽ ഇറാൻ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.