റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര വ്യോമയാന മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് ‘എയർഎക്സ് ചാർട്ടറി’ന് പ്രവർത്തനാനുമതി ലഭിച്ചു. രാജ്യത്തിനകത്ത് ഓൺ-ഡിമാൻഡ് അടിസ്ഥാനത്തിൽ സ്വകാര്യ വിമാനങ്ങൾ സർവിസ് നടത്തുന്നതിനുള്ള ഔദ്യോഗിക പെർമിറ്റ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് അനുവദിച്ചത്.
റിയാദിലെ അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സുലൈമാൻ അൽമുഹൈമിദി എയർഎക്‌സ് ചാർട്ടർ സി.ഇ.ഒ ഹുസാം ഹസൂരിക്ക് പെർമിറ്റ് കൈമാറി.
സൗദിയിലെ കർശനമായ നിയന്ത്രണ മാനദണ്ഡങ്ങളും വ്യോമയാന സുരക്ഷാ നിബന്ധനകളും പൂർണമായും പാലിച്ചതിനെ തുടർന്നാണ് കമ്പനിക്ക് അനുവാദം ലഭിച്ചത്. ഇതോടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾക്കിടയിൽ സ്വകാര്യ വിമാന സർവിസുകൾ എയർഎക്സ് ഉടൻ ആരംഭിക്കും. സ്വകാര്യ വിമാനങ്ങൾക്കും ബിസിനസ് സേവനങ്ങൾക്കുമായി കൂടുതൽ വഴക്കമുള്ള യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വ്യോമയാന മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കാനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ഈ ചുവടുവെപ്പ് രാജ്യത്തെ ടൂറിസം, വാണിജ്യ മേഖലകളുടെ വളർച്ചയ്ക്ക് വലിയ കരുത്തേകും.
സൗദിയെ ഒരു ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായും മേഖലയിലെ പ്രധാന വ്യോമയാന കേന്ദ്രമായും മാറ്റാൻ ലക്ഷ്യമിടുന്ന ‘വിഷൻ 2030’ പദ്ധതിക്ക് ഈ തീരുമാനം വലിയ പിന്തുണയാകുമെന്ന് സുലൈമാൻ അൽമുഹൈമിദി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ ഓപ്പറേറ്റർമാരെ സൗദിയിലേക്ക് ആകർഷിക്കുന്നത് വഴി രാജ്യത്തെ വ്യോമയാന വിപണി കൂടുതൽ മത്സരക്ഷമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.