മദീന നഗരത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ഏർപ്പെടുത്തിയ
സൗകര്യങ്ങൾ
മദീന: സൗദി അറേബ്യയിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുന്നതിനുമുള്ള സവിശേഷ പദ്ധതികൾ മദീനയിൽ സജീവമാകുന്നു. വ്യക്തികളുടെയും കുടുംബങ്ങളുടെയും ദൈനംദിന ജീവിതരീതിയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരികയും, രാജ്യത്തെ വാസയോഗ്യമായ മികച്ച അന്തരീക്ഷമാക്കി മാറ്റുകയും ചെയ്യുക എന്ന ഭരണകൂടത്തിെൻറ ദീർഘവീക്ഷണമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.
മദീന മേഖല വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ താമസക്കാർക്കും സന്ദർശകർക്കുമായി വിപുലമായ സൗകര്യങ്ങളാണ് നഗരത്തിൽ ഒരുങ്ങുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വ്യായാമം ദിനചര്യയുടെ ഭാഗമാക്കുന്നതിനും ലക്ഷ്യമിട്ട് താഴെ പറയുന്ന പദ്ധതികൾക്ക് മുൻഗണന നൽകുന്നു. അടിസ്ഥാന സൗകര്യ വികസനം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക രീതിയിലുള്ള കാൽനട പാതകൾ, സുരക്ഷിതമായ സൈക്കിൾ ട്രാക്കുകൾ, പ്രത്യേക സൈക്കിൾ സ്റ്റേഷനുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ആരോഗ്യസംരക്ഷണത്തിെൻറ ഭാഗമായി ‘നഗ്നപാദ നടപ്പാതകൾ’, വിശ്രമ കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയുടെ ആകർഷണമാണ്. പൊണ്ണത്തടി ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനായി വിപുലമായ ബോധവൽക്കരണ പരിപാടികളും കായിക പ്രവർത്തനങ്ങളും അതോറിറ്റി ആസൂത്രണം ചെയ്യുന്നുണ്ട്. ടൂറിസം മേഖലക്ക് പുത്തനുണർവ് നൽകുന്നതിനൊപ്പം നഗരപ്രദേശങ്ങളെ ആധുനികവത്കരിക്കാനുള്ള വികസന പ്രവർത്തനങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും അതോറിറ്റി തീരുമാനിച്ചു.
സൗദി അറേബ്യയുടെ സമഗ്ര വികസന ലക്ഷ്യമായ വിഷൻ 2030-െൻറ പ്രധാന തൂണുകളിലൊന്നാണ് ‘ജീവിതനിലവാര പദ്ധതി’. രാജ്യത്തെ വിവിധ നഗരങ്ങളിൽ വിജയകരമായി നടപ്പാക്കി വരുന്ന ഈ പദ്ധതി, മദീനയുടെ സാമൂഹികവും ശാരീരികവുമായ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.