സൗദി അഗ്രികൾച്ചറൽ എക്സിബിഷൻ; ഭാഷാറോബോട്ടുകൾ കൗതുകമായി
റിയാദ്: സൗദി അഗ്രികൾച്ചറൽ എക്സിബിഷൻ 2026ൽ എത്തിയ സന്ദർശകരുടെ ശ്രദ്ധയാകര്‍ഷിച്ച് 96 ഭാഷകൾ സംസാരിക്കുന്ന സ്മാർട്ട് റോബോട്ടുകൾ. സന്ദർശകരുമായി നേരിട്ട് സംവദിച്ചും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകിയും എക്സിബിഷൻ സ്റ്റാളുകളിലെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് വിശദീകരിച്ചും ഈ റോബോട്ടുകൾ പ്രദർശന ഹാളിൽ സജീവമായി. സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനൊപ്പം ബഹുഭാഷകളിൽ തത്സമയം വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്ന മികച്ചൊരു ആശയവിനിമയ അനുഭവം പ്രദാനം ചെയ്യാൻ കൃത്രിമബുദ്ധി സാങ്കേതികവിദ്യയാണ് ഈ റോബോട്ടുകളിൽ ഉപയോഗപ്പെടുത്തിയത്.
പങ്കെടുത്ത സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും കുറിച്ച് നേരിട്ടുള്ള സംഭാഷണങ്ങളിലൂടെയും സ്ക്രീനുകളിൽ ഉള്ളടക്കം പ്രദർശിപ്പിച്ചും മനസ്സിലാക്കാൻ റോബോട്ടുകൾ സന്ദർശകർക്ക് സൗകര്യമൊരുക്കി. തിരക്കേറിയ സമയങ്ങളിൽ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും പ്രദർശകരായ കമ്പനികളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാനും ഇത് സഹായമായി.
രാജ്യത്ത് തന്നെ വികസിപ്പിച്ചെടുത്ത സ്മാർട്ട് സിസ്റ്റങ്ങളിലാണ് ഈ റോബോട്ടുകൾ പ്രവർത്തിക്കുന്നതെന്ന് പങ്കെടുത്ത ഒരു ടെക്നോളജി കമ്പനിയുടെ പ്രതിനിധിയായ അഹമ്മദ് ഖഫാജ വ്യക്തമാക്കി. 96 ഭാഷകളിൽ സന്ദർശകരുമായി ആശയവിനിമയം നടത്താനും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഇവയ്ക്ക് കഴിയും. വൈവിധ്യമാർന്ന സംശയങ്ങളോട് വേഗത്തിൽ പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിനായി എ.ഐ പ്രോഗ്രാമുകളുടെ പിന്തുണയോടെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രദർശനങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്ന സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്നതിനും അവയുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനും റോബോട്ടുകളെ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവയുടെ ഉപയോഗം അതിഥി സത്കാര സേവനങ്ങളിലേക്കും വ്യാപിപ്പിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പ്രദർശനങ്ങളിലും ചടങ്ങുകളിലും അതിഥികളെ സ്വീകരിക്കാനും കാപ്പി വിതരണം ചെയ്യാനും സന്ദർശകരുമായി നേരിട്ട് സംവദിക്കാനും ഇവയ്ക്ക് കഴിയും. പരിപാടിയുടെ സ്വഭാവവും സ്ഥാപനങ്ങളുടെ ആവശ്യവുമനുസരിച്ച് വിവിധ ചുമതലകൾക്കായി ഇവയെ പ്രയോജനപ്പെടുത്താനുമാകും. റോബോട്ടുകളുടെ സ്മാർട്ട് സിസ്റ്റങ്ങൾ പ്രാദേശികമായാണ് വികസിപ്പിക്കുന്നണത്.
എന്നാൽ അവയുടെ ചില ബാഹ്യ ബോഡികൾ വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇവയുടെ നിർമ്മാണ ഫാക്ടറി ഹാഇൽ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഭരണനിർവ്വഹണ കാര്യാലയം റിയാദിലുമാണെന്ന് ഖഫാജി പറഞ്ഞു. റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ‘സുസ്ഥിര ഭാവിക്കായുള്ള സമഗ്ര കാർഷിക വ്യവസ്ഥ’എന്ന പ്രമേയത്തിൽ നടന്ന സൗദി അഗ്രികൾച്ചറൽ എക്സിബിഷൻ ഒക്ടോബർ 19 മുതൽ 22 വരെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.