ഹജ്ജിന് ഒരാഴ്ച മാത്രം: കേരളത്തിൽ നിന്ന്​ ഭൂരിഭാഗം തീർഥാടകരും മക്കയിലെത്തി

മക്ക: ഹജ്ജ് കർമങ്ങൾക്ക് ഇനി ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകരും മക്കയിൽ എത്തിച്ചേർന്നു. കണ്ണൂർ, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ വഴിയാണ് സംസ്ഥാനത്തു നിന്നുള്ള തീർഥാടകർ സൗദി അറേബ്യയിൽ എത്തിയത്.

ഇതിൽ കൊച്ചിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ വരവ് ഈ മാസം എട്ടാം തീയതിയോടെയും, കണ്ണൂരിൽ നിന്നുള്ളവരുടേത് മേയ് 14-ഓടെയും പൂർത്തിയായിരുന്നു. കോഴിക്കോട് നിന്നുള്ള അവസാന ഔദ്യോഗിക സംഘം ശനിയാഴ്​ചയാണ് മക്കയിലെത്തിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഇനി ‘ഷോട്ട് ഹജ്ജ്’ പാക്കേജിൽ ഉള്ളവർ മാത്രമാണ് മക്കയിലെത്താൻ ബാക്കിയുള്ളത്. ഈ വിഭാഗത്തിലെ ആദ്യ തീർഥാടക സംഘം ശനിയാഴ്​ച വൈകുന്നേരത്തോടെ മക്കയിൽ എത്തിച്ചേർന്നു. ഞായർ, തിങ്കൾ ദിവസങ്ങളിലായി ഓരോ വിമാനങ്ങളിൽ കൂടി തീർഥാടകർ എത്തും.

കേരളത്തിൽ നിന്ന് ‘ഷോട്ട് ഹജ്ജ്’ വിഭാഗത്തിൽ 1200-ഓളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നത്. ഈ വിഭാഗത്തിലെ അവസാന വിമാനം ചൊവ്വാഴ്ചയാണ് സൗദിയിലേക്ക് തിരിക്കുക. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി 20 മുതൽ 25 ദിവസത്തിനകം നാട്ടിലേക്ക് മടങ്ങാം എന്നതാണ് ഷോട്ട് ഹജ്ജ് പാക്കേജി​െൻറ പ്രധാന പ്രത്യേകത.

ജോലിയിൽ നിന്ന് ദീർഘനാൾ മാറിനിൽക്കാൻ സാധിക്കാത്ത ജീവനക്കാർക്കും ബിസിനസുകാർക്കും, അതുപോലെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന രോഗികൾക്കും ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ വർഷം മുതൽ ഈ പുതിയ ക്രമീകരണം ആരംഭിച്ചിരിക്കുന്നത്. ഹജ്ജ് കർമങ്ങൾക്ക് ശേഷം മദീന സന്ദർശനവും പൂർത്തിയാക്കിയാവും ഈ സംഘം നാട്ടിലേക്ക് മടങ്ങുക. ഇന്ത്യ ഒട്ടാകെ നിന്നും 10,000-ത്തോളം ഹാജിമാർക്കാണ് ഇത്തവണ ഈ ഹ്രസ്വകാല ഹജ്ജ് പാക്കേജിലൂടെ അവസരം ലഭിച്ചിട്ടുള്ളത്.

ഇന്ത്യൻ ഹാജിമാർ ഒരു ലക്ഷം കടന്നു

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വരവ് ജിദ്ദ വിമാനത്താവളം വഴി ഇപ്പോഴും തുടരുകയാണ്. ഇതുവരെ 1,07,586 ഇന്ത്യൻ തീർഥാടകരാണ് വിശുദ്ധ മണ്ണിൽ എത്തിച്ചേർന്നിട്ടുള്ളത്. ഈ മാസം 22-നാണ് ഇന്ത്യയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം സൗദിയിലെത്തുക.

നേരത്തെ മദീന സന്ദർശനം പൂർത്തിയാക്കിയ മുഴുവൻ ഇന്ത്യൻ ഹാജിമാരും മേയ് 14-ഓടെ തന്നെ മക്കയിലേക്ക് താമസം മാറിയിരുന്നു. നിലവിൽ മൂന്ന് തീർഥാടകർ മാത്രമാണ് മദീനയിൽ അവശേഷിക്കുന്നത്. ഇതിൽ രണ്ടുപേർ ആരോഗ്യപരമായ കാരണങ്ങളാൽ അവിടെ ചികിത്സയിലാണ്.

അതേസമയം, സ്വകാര്യ ഗ്രൂപ്പുകൾ വഴി സൗദിയിൽ എത്തിയ മലയാളി തീർഥാടകർ ഇപ്പോൾ മദീന സന്ദർശനത്തിലാണ്. ഈ മാസം 21, 22 തീയതികളിലായി ഈ ഗ്രൂപ്പുകളെല്ലാം മദീനയിലെ സന്ദർശനം പൂർത്തിയാക്കി ഹജ്ജ് കർമങ്ങൾക്കായി മക്കയിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരങ്ങൾ.

Tags:    
News Summary - Just one week left for Hajj: Majority of pilgrims from Kerala reach Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.