ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം
ജിദ്ദ: വ്യോമയാന മേഖലയിൽ ചരിത്രപരമായ നേട്ടം സ്വന്തമാക്കി ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിലെ മൂന്ന് റൺവേകളിലും ഒരേസമയം ‘ക്രോസ് റൺവേ ടേക് ഓഫ്’ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽനിന്ന് അനുമതി ലഭിച്ചു. ഈ അത്യാധുനിക സംവിധാനം നടപ്പാക്കുന്ന സൗദി അറേബ്യയിലെ ആദ്യത്തെ വിമാനത്താവളമായി ജിദ്ദ മാറി.
ദേശീയ-അന്തർദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ഈ അനുമതി നൽകിയത്. വിമാനത്താവളത്തിെൻറ സാങ്കേതികവും പ്രവർത്തനപരവുമായ സന്നദ്ധത പരിശോധനകളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. വിമാനങ്ങളുടെ ഗ്രൗണ്ട് ടേൺ എറൗണ്ട് സമയം ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
റൺവേകളുടെ പ്രവർത്തനക്ഷമത വർധിക്കുന്നതോടെ കൂടുതൽ വിമാനങ്ങൾക്ക് ഒരേസമയം സേവനം നൽകാനാകും. ഇന്ധന ഉപഭോഗവും കാർബൺ പുറന്തള്ളലും കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും, ഇത് പരിസ്ഥിതി സൗഹൃദ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉപകരിക്കും. തിരക്കേറിയ സമയങ്ങളിൽ വിമാനങ്ങളുടെ കാത്തിരിപ്പ് ഒഴിവാക്കി യാത്രക്കാർക്ക് മികച്ച അനുഭവം നൽകാൻ ഈ നീക്കം സഹായിക്കും.
സൗദി അറേബ്യയുടെ ‘വിഷൻ 2030’െൻറ ഭാഗമായുള്ള ദേശീയ ഗതാഗത-ലോജിസ്റ്റിക്സ് പദ്ധതികളുടെ വിജയകരമായ തുടർച്ചയാണിത്. 2022 മുതൽ വിമാനത്താവളത്തിെൻറ നടത്തിപ്പ് ചുമതലയുള്ള ജിദ്ദ എയർപോർട്ട്സ് കമ്പനി, അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തന രീതികൾ നടപ്പാക്കുന്നതിെൻറ ഭാഗമായാണ് ഈ വികസനം കൊണ്ടുവന്നത്. ലോകത്തെ മികച്ച വ്യോമയാന ഹബ്ബുകളിലൊന്നായി ജിദ്ദയെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായകമായ ചുവടുവെപ്പായാണ് ഈ പുതിയ അംഗീകാരം വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.