റിയാദിൽ ആഗോള ഊർജ ഉച്ചകോടി
റിയാദ്: ആഗോള ഊർജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 25-ാമത് വേൾഡ് പെട്രോളിയം കോൺഗ്രസിൽ (ഡബ്ള്യു.പി.സി എനർജി കോൺഗ്രസ് ) വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ഒക്ടോബർ 11 മുതൽ 15 വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ ഊർജ മന്ത്രിമാർ, വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, ശാസ്ത്രജ്ഞർ, ഊർജ വിദഗ്ധർ എന്നിവർ പങ്കെടുക്കുന്നുണ്ട്.
‘എല്ലാവർക്കും ഊർജ ഭാവിയിലേക്കുള്ള വഴികൾ’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം ആഗോള ഊർജ വിപണിയുടെ സ്ഥിരത, ഊർജ വിതരണ സുരക്ഷ, നിക്ഷേപ സാധ്യതകൾ, നൂതന സാങ്കേതികവിദ്യകൾ, സുസ്ഥിര ഊർജ വികസനം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സൗദി അറേബ്യൻ ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ ആഗോള ഊർജ സുരക്ഷയുടെയും ദീർഘകാല ഊർജ നയങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കി.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഊർജ വിപണിയിലെ വെല്ലുവിളികൾ നേരിടുന്നതിനും ഭാവിയിലെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സമ്മേളനം വഴിയൊരുക്കും. ഇതോടൊപ്പം, ഒക്ടോബർ 11-ന് റിയാദിൽ നടന്ന 17-ാമത് ഇന്റർനാഷണൽ എനർജി ഫോറം മന്ത്രിതല യോഗവും ആഗോള ഊർജ വിപണിയുടെ സ്ഥിരത, നിക്ഷേപകരുടെ വിശ്വാസം, ഉൽപ്പാദക-ഉപഭോക്തൃ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം എന്നിവക്ക് പ്രാധാന്യം നൽകി.
ആഗോള ഊർജ മേഖലയിലെ പ്രമുഖ രാജ്യങ്ങളിലൊന്നായ സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം അന്താരാഷ്ട്ര ഊർജ സഹകരണത്തിനും ഭാവിയിലെ ഊർജ വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനും പ്രധാന വേദിയായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.