യമനിൽ കനത്ത വ്യോമാക്രമണം; ഹൂതി ആയുധകേന്ദ്രങ്ങൾ തകർത്തതായി തുർക്കി അൽ മാലിക്കി
സനഅ / റിയാദ്: യമനിൽ ഹൂതികളുമായുള്ള അറബ് സഖ്യസേനയുടെ പോരാട്ടം കനക്കുന്നതായി അവിടുന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സനയിലെ ആയുധ കേന്ദ്രങ്ങൾ ആക്രമിക്കാനും പ്രതിരോധ നീക്കങ്ങൾ കാര്യക്ഷമമാക്കാനും കഴിഞ്ഞതായി അറബ് സഖ്യ സേനയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. കഴിഞ്ഞ ദിവസം ഒറ്റ രാത്രികൊണ്ട് ഹൂതികൾ സൗദിയിലേക്ക് വിക്ഷേപിച്ച ആറ് ഡ്രോണുകളും അഞ്ച് ക്രൂയിസ് മിസൈലുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തത് വലിയ അഭിമാനമായി വക്താവ് ചൂണ്ടിക്കാട്ടി. ഹൂതികളുടെ കേന്ദ്രമായ തൈസ് മേഖലകളിൽ കനത്ത തിരിച്ചടി നേരിട്ടതായി അന്തരാഷ്ട്ര വാർത്ത ഏജൻസികളും റിപ്പോർട്ട് ചെയ്തു.
യമനിൽ അറബ് സഖ്യസേനയുടെ സൈനിക നടപടികൾ കഴിഞ്ഞ ദിവസവും ശക്തമായി തുടർന്നു. ഹൂതികളുടെ ആക്രമണ ശേഷിയും ആയുധ വിതരണ ശൃംഖലയും തകർക്കുന്നതിനായി സഖ്യസേന സനയിൽ വൻ മുന്നേറ്റമാണ് നടത്തിയത്. യമനിലെ ഹരാദ് ജില്ല ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈലിനെയും സേന കഴിഞ്ഞ ദിവസം തടഞ്ഞു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഓയിൽ കമ്പനിയുടെ കേന്ദ്രത്തിൽ നിന്നും സനയിലെ അൽ സബാഹ സെൻട്രൽ സ്റ്റേഷൻ പരിധിയിൽ നിന്നും ആളുകളോട് ഒഴിഞ്ഞു പോകാൻ സഖ്യസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മിസൈലുകളെയും ഡ്രോണുകളെയും പിന്തുണക്കുന്നതിനായി യമനിലെ വിമതരായ ഹൂതികൾ ഉപയോഗിക്കുന്ന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നടപടിയാണ് സഖ്യസേന പ്രഖ്യാപിച്ചത്.
സന, അൽ ഹുദൈദ, ധമാർ എന്നിവിടങ്ങളിലെ അൽ സബാഹ സ്റ്റേഷൻ, ഇന്ധന ടാങ്കുകൾ, സംഭരണശാലകൾ, ലോഡിംഗ് ടെർമിനലുകൾ എന്നിവ ഉൾപ്പെടുന്ന ഇടമാണ് സഖ്യ സേന ലക്ഷ്യമാക്കിയത്. സൗദി അറേബ്യ, യമൻ, ചെങ്കടലിലെ സഞ്ചാരം, അന്താരാഷ്ട്ര കപ്പൽപ്പാതകൾ എന്നിവക്ക് ഭീഷണിയാകുന്ന ശേഷികളെ നിർവീര്യമാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് സഖ്യസേന വ്യക്തമാക്കി. സാധാരണക്കാർക്ക് ദോഷം സംഭവിക്കാതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കുമെന്നും സഖ്യസേന ഊന്നിപ്പറഞ്ഞു.
അതേസമയം സൗദിയിലെ സാധാരണക്കാർ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണ കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്കു നേരെയുള്ള ഹൂതികളുടെ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ സഖ്യ സേന ആവർത്തിച്ച് മുന്നറിയിപ്പ് ൻൽകുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.