ഉഷ നവയുഗം ജീവകാരുണ്യ പ്രവർത്തകർക്കൊപ്പം
ദമ്മാം: ജോലിയോ ഇഖാമയോ ഇല്ലാതെ നാലുവർഷത്തോളം സൗദിയിൽ ദുരിതത്തിലായിരുന്ന മലയാളി വനിത, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിെൻറ ഇടപെടലിലൂടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി.റാന്നി സ്വദേശിയായ ഉഷ അബ്രഹാം അഞ്ചു വർഷം മുൻപാണ് ദമ്മാമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡേറ്റ ഓപറേറ്റർ ആയി ജോലിക്കെത്തിയത്. ആദ്യകാലങ്ങളിൽ കൃത്യമായി ശമ്പളം ലഭിച്ചിരുന്നെങ്കിലും പിന്നീട് അത് മുടങ്ങുകയായിരുന്നു.
മാസങ്ങളോളം ശമ്പളകുടിശ്ശിക നീണ്ടതോടെ ഉഷ ആശുപത്രി കമ്പനിക്കെതിരെ ലേബർ കോടതിയിൽ പരാതി നൽകി. എന്നാൽ കമ്പനി കോടതിയിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്തതോടെ, ഉഷയ്ക്ക് നിയമപരമായി ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ കിട്ടാനുള്ള സാധ്യതകളെല്ലാം ഇല്ലാതായി. ഇതിനിടെ ഇഖാമ കാലാവധി കഴിയുകയും അത് പുതുക്കി ലഭിക്കാതിരിക്കുകയും ചെയ്തതോടെ കഴിഞ്ഞ നാലു വർഷമായി നാട്ടിലേക്ക് മടങ്ങാൻ പോലുമാകാതെ അതീവ ക്ലേശകരമായ സാഹചര്യത്തിലാണ് ഇവർ ജീവിതം തള്ളിനീക്കിയത്. നാട്ടിലേക്കുള്ള വഴി അടഞ്ഞ് ഉഷ ബുദ്ധിമുട്ടുന്നതിനിടയിലാണ് നവയുഗം പ്രവർത്തകയായ മിനി ജോർജ്ജിനെ പരിചയപ്പെടുന്നത്. ഇതാണ് ഉഷയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത്. ഉഷയുടെ സങ്കടകരമായ അവസ്ഥ മനസ്സിലാക്കിയ മിനി, വിഷയം ഉടൻ നവയുഗം ജീവകാരുണ്യ വിഭാഗത്തിെൻറ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഷാജി അമ്പലത്ത്, മുഹമ്മദ് ഷിബു, മുഹമ്മദ് റിയാസ്, ജാബിർ മുഹമ്മദ്, അരുൺ ചാത്തന്നൂർ എന്നിവരുടെ ശ്രമഫലമായി ലേബർ കോടതിയിലെയും ഡീപോർട്ടേഷൻ സെൻററിലെയും നിയമപരമായ നൂലാമാലകളെല്ലാം വേഗത്തിൽ പൂർത്തിയാക്കി. യാത്രയ്ക്കുള്ള എല്ലാ തടസ്സങ്ങളും നീക്കി ഉഷക്ക് ഫൈനൽ എക്സിറ്റ് ലഭ്യമാക്കിയതോടെയാണ് നാല് വർഷത്തെ ദുരിത ജീവിതത്തിന് അറുതിയാക്കി അവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിതെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.