സൗദിയിലെ വിവിധ മുനിസിപ്പാലിറ്റികളിൽ പ്രവർത്തിക്കാൻ അനുവദിച്ച തെരുവുവിൽപന കേന്ദ്രങ്ങൾ
റിയാദ്: സൗദി അറേബ്യയിലെ നഗരസഭ-ഭവന മന്ത്രാലയം ‘ബസ്ത ഖൈർ സൗദി 2026’ പദ്ധതിയുടെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചു. റമദാൻ മാസത്തിൽ ഓരോ മുനിസിപ്പാലിറ്റികളിലും 350 വിൽപന കേന്ദ്രങ്ങൾ വീതം അനുവദിച്ച് തെരുവുകച്ചവടക്കാരുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നഗരസൗന്ദര്യം നിലനിർത്തുന്നതിനും രാജ്യത്തെ നഗരങ്ങളിലെ ജീവിതനിലവാരം ഉയർത്തുന്നതിനും ഈ സംരംഭം വലിയ പങ്കുവഹിക്കും. ഓരോ മുനിസിപ്പാലിറ്റിയുടെയും കീഴിൽ അഞ്ച് പ്രധാന കേന്ദ്രങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. റമദാനിന് ശേഷവും ഈ പ്രവർത്തനങ്ങൾ തുടരുന്നതിനായി ‘സുസ്ഥിരത പാത’ എന്ന വിഭാഗവും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.
ഇതിലൂടെ സീസണൽ കച്ചവടം എന്നതിലുപരി, വിപുലീകരിക്കാൻ സാധിക്കുന്ന ഒരു സംഘടിത ബിസിനസ് മാതൃകയായി ഇതിനെ മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സുരക്ഷയും നിബന്ധനകളും പാലിച്ചുകൊണ്ടുള്ള ഏകീകൃത പ്രവർത്തന മാനദണ്ഡങ്ങളാണ് രണ്ടാം പതിപ്പിൽ നടപ്പാക്കുന്നത്. ലൈസൻസുള്ള കച്ചവടക്കാർക്ക് കൃത്യമായ വിഷ്വൽ ഐഡന്റിറ്റി നൽകുന്നതിലൂടെയും ഫീൽഡ് പരിശോധനകൾ ശക്തമാക്കുന്നതിലൂടെയും തെരുവുകച്ചവടത്തെ കൂടുതൽ വിശ്വസനീയമായ ഒരു തൊഴിലായി മാറ്റാൻ സാധിക്കും. ജനസാന്ദ്രതയുള്ള സ്ഥലങ്ങൾ, പൊതു ഇടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായ സ്ഥലങ്ങൾ എന്നിവ കണക്കിലെടുത്താണ് വിൽപന കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നത്.
പദ്ധതിയുടെ ആദ്യ പതിപ്പ് വലിയ വിജയമായിരുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തിൽ 1,732 കച്ചവടക്കാർ പങ്കെടുക്കുകയും എട്ട് ലക്ഷത്തിലധികം സന്ദർശകർ എത്തുകയും ചെയ്തിരുന്നു. 90 ശതമാനം ഉപഭോക്തൃ സംതൃപ്തി നേടിയ ഈ പദ്ധതി, രാജ്യത്തെ തെരുവ് കച്ചവടക്കാരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.