റിയാദ്: ഏഷ്യൻ ഫുട്ബാൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2027-ലെ സൗദി ഏഷ്യൻ കപ്പ് ടൂർണമെൻറിെൻറ ഔദ്യോഗിക ഗ്രൂപ്പ് നിർണയ ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. സൗദി തലസ്ഥാന നഗരത്തിലെ ചരിത്രപ്രസിദ്ധമായ ദറഇയയിലെ സൽവ കൊട്ടാരത്തിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ വൻകരയിലെ പ്രമുഖ കായിക പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഗ്രൂപ്പുകളെ പ്രഖ്യാപിച്ചത്.
സൗദി അറേബ്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഈ വൻകര പോരാട്ടം 2027 ജനുവരി ഏഴിന് ആരംഭിച്ച് ഫെബ്രുവരി അഞ്ചിന് സമാപിക്കും. ഫിഫയുടെ ഏപ്രിൽ മാസത്തിലെ റാങ്കിങ് അടിസ്ഥാനമാക്കി തയ്യാറാക്കിയ റാങ്കിങ് പ്രകാരമാണ് ടീമുകളെ വിന്യസിച്ചത്. സൗദി അറേബ്യ, ജപ്പാൻ, ഇറാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഉസ്ബെക്കിസ്ഥാൻ എന്നീ കരുത്തരായ ആറ് രാജ്യങ്ങളെയാണ് ഒന്നാം ഗ്രേഡിൽ ഉൾപ്പെടുത്തിയിരുന്നത്.
ആതിഥേയരായ സൗദി അറേബ്യ നയിക്കുന്ന ഗ്രൂപ്പ് എ പൂർണമായും അറബ് ടീമുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കുവൈത്ത്, ഒമാൻ, ഫലസ്തീൻ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. സ്വന്തം ആരാധകർക്ക് മുന്നിൽ ആധിപത്യം ഉറപ്പിക്കാനൊരുങ്ങുന്ന സൗദിക്ക് തുടക്കം മുതൽ തന്നെ കടുത്ത വെല്ലുവിളിയാകും ഈ ഗ്രൂപ്പ് ഉയർത്തുക.
ഗ്രൂപ്പ് ബി-യിൽ ഉസ്ബെക്കിസ്ഥാനൊപ്പം ബഹ്‌റൈൻ, ഉത്തര കൊറിയ, ജോർഡാൻ എന്നിവർ മാറ്റുരയ്ക്കും. അനുഭവസമ്പത്തും യുവത്വവും ഒത്തുചേരുന്ന ഗ്രൂപ്പ് സി-യിൽ ഇറാൻ, സിറിയ, കിർഗിസ്ഥാൻ, ചൈന എന്നിവരാണ് ഉൾപ്പെടുന്നത്.
മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡി-യിൽ ഇറാഖ്, താജിക്കിസ്ഥാൻ, സിംഗപ്പൂർ എന്നിവരാണ് എതിരാളികൾ. കരുത്തുറ്റ ടീമുകൾ അണിനിരക്കുന്ന ഗ്രൂപ്പ് ഇ-യിൽ ദക്ഷിണ കൊറിയ, യു.എ.ഇ, വിയറ്റ്നാം എന്നിവർക്കൊപ്പം ലെബനൻ അല്ലെങ്കിൽ യെമൻ എന്നിവരിൽ ഒരു ടീം കൂടി എത്തും. വൻശക്തികളായ ജപ്പാൻ, നിലവിലെ ചാമ്പ്യന്മാരായ ഖത്തർ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് എഫ് ടൂർണമെൻറിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങൾക്ക് വേദിയാകുമെന്ന് ഉറപ്പാണ്.
ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ (എ.എഫ്.സി) ഏറെ പ്രാധാന്യത്തോടെ കാണുന്ന ഈ ടൂർണമെൻറ് സൗദി അറേബ്യയുടെ കായിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ഗ്രൂപ്പ് നിർണയം പൂർത്തിയായതോടെ വൻകരയുടെ ഫുട്ബാൾ കിരീടം തേടിയുള്ള ടീമുകളുടെ അന്തിമ ഒരുക്കങ്ങൾക്ക് ഇനി തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.