സുഡാൻ പ്രതിരോധ മന്ത്രി ജനറൽ ഹസ്സൻ കബ്രൂൺ
ഹൂതി ആക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സുഡാൻ
റിയാദ്: സൗദി അറേബ്യക്ക് നേരെ ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് സുഡാൻ. ഹൂതികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾ ക്രൂരവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമായ ക്രിമിനൽ നടപടികളാണെന്ന് സുഡാൻ പ്രതിരോധ മന്ത്രി ജനറൽ ഹസ്സൻ കബ്രൂൺ പ്രസ്താവിച്ചു. മേഖലയുടെ സുരക്ഷ തകർക്കുന്ന തരത്തിലുള്ള യാതൊരുവിധ നീക്കങ്ങളും വെച്ചുപൊറുപ്പിക്കാനാവില്ല. സൗദിയുടെ പരമാധികാരവും അതിർത്തി സുരക്ഷയും സംരക്ഷിക്കുന്നതിനായുള്ള എല്ലാ പോരാട്ടങ്ങൾക്കും സുഡാന്റെ പൂർണമായ പിന്തുണയും ഐക്യദാർഢ്യവും പ്രതിരോധ മന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. പ്രാദേശികവും അന്തർദ്ദേശീയവുമായ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന ഹൂതികളുടെ ഇത്തരം ഭീകരപ്രവർത്തനങ്ങൾക്കെതിരെ ആഗോള സമൂഹം ശക്തമായി പ്രതികരിക്കണം. സൗദിക്കെതിരായ ആക്രമണം ഇസ്ലാമിനും എല്ലാ മുസ്ലിംകൾക്കും എതിരായ ആക്രമണമാണെന്നും മന്ത്രി പറഞ്ഞു. റിയാദിലെ കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ തുടർച്ചയായ ആക്രമണത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. റിയാദിലെ ആക്രമണത്തിൽ ഒരു സുഡാൻ പൗരൻ ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സൗദിയിലെ ഏത് പ്രദേശത്തേക്ക് ആക്രമണം നടത്തിയാലും അത് മുസ്ലിങ്ങളുടെ പുണ്യസ്ഥലങ്ങൾക്കും ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരായ ആക്രമണമാണെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. സുഡാനിലെ ജനങ്ങളും സർക്കാരും സൗദിക്കെതിരായ ഹൂതികളുടെ എല്ലാ അക്രമണങ്ങളെയും ക്രിമിനൽ നടപടികളെയും ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും സൈനിക കേന്ദ്രങ്ങൾക്ക് നേരെയുമുള്ള ആക്രമണങ്ങളെയും ഹൂതികളെ പിന്തുണക്കുന്നവരെയും മന്ത്രി അപലപിച്ചു. പ്രാദേശിക സുരക്ഷക്ക് ഭീഷണിയാകുന്ന കാര്യങ്ങൾക്കെതിരെ ഇരുരാജ്യങ്ങളും ഒറ്റ ക്കെട്ടായി നിലകൊള്ളുന്നുവെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് സൗദിയോടുള്ള സുഡാന്റെ ഐക്യദാർഢ്യം അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. ഇസ്ലാമിന്റെയും മാനവികതയുടെയും ശത്രുക്കൾക്കെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളും. സുഡാൻ വിദേശകാര്യ മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ച പ്രസ്താവനക്ക് ഊന്നൽ നൽകിയാണ് മന്ത്രിയുടെ വാക്കുകൾ. വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സൗദിയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും മന്ത്രാലയം പ്രസ്താവിച്ചിരുന്നു. തങ്ങളുടെ പ്രദേശം, പൗരന്മാർ, താമസക്കാർ എന്നിവരെ സംരക്ഷിക്കുന്നതിനായി നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാനുള്ള സൗദിയുടെ അവകാശത്തിന് സുഡാൻ നൽകുന്ന പിന്തുണ മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.