വിദേശ തീവ്രവാദ സംഘത്തില്‍ ചേര്‍ന്ന സ്വദേശിക്ക് ഏഴ് വര്‍ഷം തടവ്

റിയാദ്: രാജ്യത്തിന് പുറത്തുള്ള തീവ്രവാദ സംഘത്തോടൊപ്പം ചേര്‍ന്ന് ആയുധ പരിശീലനം നടത്തുകയും സംഘട്ടനത്തില്‍ പങ്കുചേരുകയും ചെയ്ത സ്വദേശിക്ക് ഏഴ് വര്‍ഷം തടവ് വിധിച്ചു. രണ്ട് വര്‍ഷം മുമ്പ് പുറത്തിറക്കിയ രാജവിജ്ഞാപനം അനുസരിച്ചാണ് തീവ്രവാദ പ്രവര്‍ത്തനത്തിലെ പങ്കാളിത്തത്തിന് സൗദി ക്രിമിനല്‍ കോടതി പ്രതിയുടെ അസാന്നിധ്യത്തില്‍ ശിക്ഷ വിധിച്ചത്. ‘ജബ്ഹതുന്നുസ്റ’ എന്ന സംഘവുമായി ഇയാള്‍ ബന്ധപ്പെട്ടതിന് അദ്ദേഹത്തിന്‍െറ മൊബൈലില്‍ നിന്നും ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍കില്‍ നിന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. 
രണ്ട് വര്‍ഷം മുമ്പ് തടവിലായ പ്രതിക്ക് അവശേഷിക്കുന്ന അഞ്ച് വര്‍ഷം കൂടി തടവ് അനുഭവിക്കണം. കൂടാതെ ജയില്‍ മോചിതനായ ശേഷം പത്ത് വര്‍ഷത്തേക്ക് വിദേശയാത്രക്കും പ്രതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വദേശത്തോ വിദേശത്തോ ഉള്ള തീവ്രവാദ സംഘങ്ങളോട് മൃദുനയം സ്വീകരിക്കുന്നതും സാമ്പത്തികമോ മറ്റു നിലക്കോ സഹായം നല്‍കുന്നതും കുറ്റകരമാണെന്ന് വിധിന്യായത്തില്‍ കോടതി മുന്നറിയിപ്പ് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.