ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്
മക്ക: ലോകമുസ്‌ലിംകളുടെ ആത്മീയ കേന്ദ്രമായ മക്കയിലെ മസ്ജിദുൽ ഹറമിൽ ഇമാമും ഖത്തീബുമായി സേവനമനുഷ്ഠിക്കുന്ന ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് തന്റെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാനമായ 43-ാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. വരുംദിവസങ്ങളിൽ ഈ അപൂർവ നാഴികക്കല്ല് പിന്നിടുന്ന അദ്ദേഹത്തിന് സോഷ്യൽ മീഡിയയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ആശംസകൾ നേരുന്നത്.
1984-ൽ, വെറും 24-ാം വയസ്സിലാണ് ശൈഖ് സുദൈസ് മസ്ജിദുൽ ഹറാമിലെ ഇമാമായി നിയമിതനായത്. ഏറ്റവും ദീർഘകാലം ഈ പദവിയിൽ തുടരുന്ന വ്യക്തികളിൽ ഒരാളായ അദ്ദേഹം, നിലവിൽ ഇരുഹറം കാര്യാലയ മേധാവിയായി സേവനമനുഷ്ഠിക്കുന്നു. സൗദി അറേബ്യയിൽ കാബിനറ്റ് പദവിയുള്ള സുപ്രധാന തസ്തികയാണിത്.
1960-ൽ ഖസീം പ്രവിശ്യയിൽ ജനിച്ച അദ്ദേഹം, 12-ാം വയസ്സിൽ തന്നെ ഖുർആൻ പൂർണമായും മനഃപാഠമാക്കി. റിയാദ് ശരിയ കോളജിൽനിന്ന് ബിരുദവും, ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്‌ലാമിക കർമശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം പിഎച്ച്.ഡി നേടിയത്.
റിയാദിലെ ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തനതായ ശൈലിയിലുള്ള ഖുർആൻ പാരായണം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിക്കുന്നത്. ഖുർആൻ റെക്കോഡിങ്ങുകളിൽ ലോകത്ത് ഏറ്റവും കൂടുതൽ കേൾക്കപ്പെടുന്ന ശബ്ദങ്ങളിലൊന്ന് അദ്ദേഹത്തിന്റേതാണ്.
ഭീകരതയ്ക്കെതിരെയും മിതവാദപരമായ ഇസ്‌ലാമിന് വേണ്ടിയും അന്താരാഷ്ട്ര വേദികളിൽ അദ്ദേഹം നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. ഇസ്‌ലാമിനും ലോകസമാധാനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് 2005-ൽ അദ്ദേഹത്തിന് ദുബൈ ഇൻറർനാഷനൽ ഹോളി ഖുർആൻ അവാർഡ് ലഭിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.