ദമ്മാം: സത്യം, അഹിംസ, ആത്മബലം എന്നീ മൂല്യങ്ങളിലൂടെ ലോകത്തിന് വഴികാട്ടിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം ദമ്മാമിൽ ആചരിച്ചു. മഹാത്മാ ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രവാസി സമൂഹത്തിലെ നിരവധി പേർ പങ്കെടുത്തു. ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും മൗനാചരണവും നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഗാന്ധിജിയുടെ ജീവിതം, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ, അഹിംസയുടെ രാഷ്ട്രീയ-സാമൂഹിക പ്രസക്തി എന്നിവയെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു.
ഇന്നത്തെ ലോകത്ത് വർധിച്ചുവരുന്ന അക്രമങ്ങളെയും അസഹിഷ്ണുതയെയും പ്രതിരോധിക്കാൻ ഗാന്ധിയൻ ചിന്തകൾ കാലാതീതമായ മാർഗദർശനമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ചെയർമാൻ സിദ്ദിഖ് ഉള്ളാടംകുന്ന് പറഞ്ഞു. ഇന്ത്യൻ കറൻസി നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റാനുള്ള ചർച്ചകൾ പോലും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സത്യത്തിനും നീതിക്കും വേണ്ടി അഹിംസയുടെ വഴി സ്വീകരിച്ച ഗാന്ധിജിയുടെ സന്ദേശം യുവതലമുറ ഏറ്റെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അധ്യക്ഷത വഹിച്ച കൺവീനർ നദീം കാസർകോട് പറഞ്ഞു. ഉണ്ണി ആലിൽ, ഹരി തിരുവനന്തപുരം, ഉസ്മാൻ മലപ്പുറം, അൽത്താഫ് പെരിങ്ങലം എന്നിവർ സംസാരിച്ചു. കെ.എൻ. അബ്ദുറഹ്മാൻ സ്വാഗതവും ഇ.പി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.