ദോഹ: രാജ്യത്തെ പൊതുക്രമവും സുരക്ഷയും നിലനിർത്താൻ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം മെട്രാഷ് മൊബൈൽ ആപ്പിലെ ‘അൽഅദീദ്’ സേവനം പരിഷ്കരിച്ചു. ഇതിലൂടെ പ്രവാസികൾക്കും സന്ദർശകർക്കും സ്വദേശികൾക്കും വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ നേരിട്ട് പ്രിവന്റിവ് സെക്യൂരിറ്റി ഡിപ്പാർട്മെന്റിനെ അറിയിക്കാം.
പൊതുധാർമികതക്ക് നിരക്കാത്ത പ്രവൃത്തികൾ, സാമൂഹികമായ മോശം പെരുമാറ്റങ്ങൾ, ഭീഷണികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ നിയമലംഘനങ്ങൾ, ഭരണപരമായ അഴിമതിക്കേസുകൾ എന്നിവ ഈ സേവനത്തിലൂടെ റിപ്പോർട്ട് ചെയ്യാൻ സാധിക്കും. പരാതി നൽകുന്ന വ്യക്തിയുടെ സ്വകാര്യതയും രഹസ്യസ്വഭാവവും പൂർണമായും സംരക്ഷിക്കപ്പെടുമെന്ന് മന്ത്രാലയം ഉറപ്പുനൽകുന്നു.
രാജ്യത്തെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സുരക്ഷ എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ വ്യക്തമാക്കി.
മെട്രാഷ് ആപ്പിലെ ‘സെക്യൂരിറ്റി’ വിൻഡോ തുറന്ന് അതിൽ ‘സെക്യൂരിറ്റി കംപ്ലയിന്റ്’ സെക്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ‘അൽഅദീദ് സർവിസ് റിപ്പോർട്ടിങ്’ വഴി നിശ്ചിത വിഭാഗം തെരഞ്ഞെടുത്ത് വിവരങ്ങൾ നൽകാം. ആവശ്യമെങ്കിൽ സംഭവത്തിന്റെ ഫോട്ടോകൾ അറ്റാച്ച് ചെയ്യാനും ലൊക്കേഷൻ മാപ്പിൽ അടയാളപ്പെടുത്താനും സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.