ദോഹ: 2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുമ്പായുള്ള അവസാന ലോകകപ്പായ റഷ്യൻ ലോകകപ്പിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിക്കാനും സംഘാടനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി സംഘം റഷ്യയിൽ. 180ലേറെ അംഗങ്ങളുള്ള ജംബോ പ്രതിനിധി സംഘത്തെയാണ് ഇത്തവണ റഷ്യയിലേക്ക് സുപ്രീം കമ്മിറ്റി പറഞ്ഞയച്ചിരിക്കുന്നത്.
സുപ്രീം കമ്മിറ്റിയിൽ നിന്നുള്ള 120 അംഗങ്ങളും സ്റ്റേക്ഹോൾഡർമാരായ അശ്ഗാൽ, ഹമദ് മെഡിക്കൽ കോർപറേഷൻ, കഹ്റമ, ആഭ്യന്തരമന്ത്രാലയം, ഖത്തർ ഫുട്ബോൾ അസോസിയേഷൻ, ഖത്തർ റെയിൽ, ഖത്തർ സ്റ്റാർസ് ലീഗ്, ഖത്തർ ടൂറിസം അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളുമാണ് ലോകകപ്പുമായി ബന്ധപ്പെട്ട് റഷ്യയിലെത്തിയിരിക്കുന്നത്.
ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിലും വിവരശേഖരണത്തിലും മറ്റുമായി അംഗങ്ങൾ തങ്ങളുടെ ചുമതലകൾ വഹിക്കുന്ന ജോലിയിലാണ്. ജൂലൈ 15 വരെ റഷ്യയിലെ 11 നഗരങ്ങളിൽ സന്ദർശനം നടത്തുന്ന സംഘം ഖത്തർ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച് വിശദ പഠനം നടത്തുകയും വിവിധ സമിതികൾ കൂടുകയും ചെയ്യും. 2022 നവംബർ 21നാണ് ഖത്തർ ലോകകപ്പിന് കിക്കോഫ്. സംഘത്തിലെ നിരവധി പേർ റഷ്യൻ സംഘാടക സമിതിയുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ട്.
മറ്റുള്ളവർ ഫിഫയുമായും മറ്റും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. ഖത്തർ ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്ന അവസാന സുവർണാവസരമാണ് റഷ്യൻ ലോകകപ്പെന്ന് അസി. സെക്രട്ടറി ജനറൽ നാസർ അൽ ഖാതിർ പറഞ്ഞു. സ്റ്റേഡിയങ്ങളിലെ സന്ദർശനം, മത്സരത്തിന് ആതിഥ്യം വഹിക്കുന്ന നഗരത്തിലെ ക്രമീകരണങ്ങൾ തുടങ്ങിയവയും സംഘത്തിെൻറ പ്രധാന പരിപാടികളിൽ പെടുന്നു. മോസ്കോ, സെൻറ് പീറ്റേഴ്സ് ബർഗ്, സോചി, കാസാൻ എന്നീ നാല് നഗരങ്ങളിലാണ് സംഘം പ്രത്യേക നിരീക്ഷണം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.