എല്ലാവരെയും ഒന്നിച്ചു നിർത്തി മുന്നോട്ടുപോകും -അടൂർ പ്രകാശ് എം.പി

ദോഹ: കേരളത്തിൽ പൊതു തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ എല്ലാവരെയും ഒന്നിച്ചു നിർത്തി, ശത്രുതാ മനോഭാവമില്ലാതെ മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. ദോഹയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വെള്ളാപ്പള്ളി നടേശൻ ഉയർത്തിയ വിമർശനം വ്യക്തിപരമാകാം എന്നും അതിൽ അഭിപ്രായം പറയുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. വിമർശനങ്ങൾക്ക് വി.ഡി. സതീശൻ തന്നെ മറുപടി പറയും. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ എല്ലാവരെയും കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകുക എന്നുള്ളതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

കേരള കോൺഗ്രസ് (എം) മുന്നണി പ്രവേശം അടഞ്ഞ അധ്യായമാണ്. എന്നാലും ഒരു വിഭാഗം ആളുകൾ യു.ഡി.എഫിലേക്ക് വരണമെന്ന് താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും കേരള കോൺഗ്രസ് മുന്നണി പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി വിശദീകരിച്ചു. കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ ഇതുസംബന്ധിച്ച കൃത്യമായ തീരുമാനമെടുത്തിട്ടുണ്ട്. ആരുടെയെങ്കിലും പിന്നാലെ പോയി യു.ഡി.എഫിൽ വരണമെന്ന് ആവശ്യപ്പെടാനില്ല.

മുസ്ലിം ലീഗ് യു.ഡി.എഫിലെ പ്രധാനപ്പെട്ട കക്ഷിയാണ്. അവർക്ക് കൂടുതൽ സീറ്റു ചോദിക്കാനുള്ള അവകാശമുണ്ട്. ഞങ്ങൾ പരസ്പരം ആശയവിനിമയം നടത്തി കാര്യങ്ങൾ ചർച്ച ചെയ്താണ് തീരുമാനമെടുക്കുന്നത്. മുഖ്യകക്ഷി എന്നുള്ള നിലയിൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കൾ എപ്പോഴും ആശയവിനിമയം നടത്തിക്കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.

രാജ്യസഭാ അംഗം ഹാരിസ് ബീരാൻ എം.പി, ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - We will move forward by keeping everyone together - Adoor Prakash MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.