അണ്ടർ 23 ഏഷ്യൻ കപ്പിൽ ജപ്പാന്റെ സതോഷി തനാകയും ദക്ഷിണ കൊറിയയുടെ ഡോങ് ജിൻ കിമ്മും പന്തിനായുള്ള പോരാട്ടത്തിൽ
ദോഹ: അണ്ടർ 23 ഏഷ്യൻ കപ്പിൽ തുല്യശക്തികൾ മാറ്റുരച്ച ഗ്രൂപ് ‘ബി’യിലെ അങ്കത്തിൽ ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് ദക്ഷിണ കൊറിയ ഗ്രൂപ് ജേതാക്കളായി. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന അങ്കത്തിൽ കളിയുടെ 75ാം മിനിറ്റിൽ കിം മിൻ വൂ നേടിയ ഗോളാണ് ദക്ഷിണ കൊറിയക്ക് വിജയം സമ്മാനിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചൈന യു.എ.ഇയെ 2-1ന് തോൽപിച്ചു. സി വെന്നിങ്, ലിയു സുറുൻ എന്നിവർ ചൈനക്കായി സ്കോർ ചെയ്തു. ഗ്രൂപ്പിൽ നിന്നും മൂന്നിൽ മൂന്നും ജയിച്ച് ദക്ഷിണ കൊറിയ ക്വാർട്ടറിൽ അനായാസം ഇടം പിടിച്ചപ്പോൾ, ആറ് പോയന്റുമായി ജപ്പാനും മുന്നേറി. ചൈനയും യു.എ.ഇയും പിന്തള്ളപ്പെട്ടു.
ഗ്രൂപ് ‘സി’യിലെ അവസാന മത്സരത്തിൽ നിലവിലെ ജേതാക്കളായ സൗദിയെ അട്ടിമറിച്ച് ആറ് പോയന്റുമായി ഇറാഖ് ക്വാർട്ടർ ഫൈനലിൽ ഇടം നേടി. രണ്ടു കളിയും ജയിച്ച സൗദി നേരത്തെ തന്നെ മുന്നേറിയിരുന്നു. നിർണായകമായ മത്സരത്തിൽ ജയിച്ചാൽ ക്വാർട്ടർ ഉറപ്പിക്കാമായിരുന്ന തായ്ലൻഡ്, തജികിസ്താന്‍ മുന്നിൽ തോൽവി വഴങ്ങി. അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തജികിസ്താന്റെ ജയം. ഈ അവസരം മുതലെടുത്ത ഇറാഖ്, സൗദിയെ 2-1ന് വീഴ്ത്തി മുന്നേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.