ദോഹ: കായിക സംസ്കാരത്തിലൂടെ ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായി വീണ്ടുമൊരു കായിക ദിനത്തെ വരവേൽക്കാനൊരുങ്ങി ഖത്തർ. മുൻ വർഷങ്ങളിലെന്നതുപോലെ ഇത്തവണയും വിപുല പരിപാടികളും മത്സരങ്ങളും ആഘോഷവും ഉൾക്കൊള്ളിച്ച് ചൊവ്വാഴ്ച രാജ്യമെങ്ങും ദേശീയ കായികദിനം ആഘോഷിക്കും. ‘ഐ ചോസ് സ്പോർട്സ്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജീവിതശൈലി എന്ന നിലയിലും മെച്ചപ്പെട്ട ആരോഗ്യത്തിനും വേണ്ടിയും സ്പോർട്സ് പരിശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്പോർട്സിനെ ഒരു വാർഷിക പരിപാടി എന്നതിലുപരി ഗുണനിലവാരമുള്ള ജീവിതശൈലിയായി മാറ്റുക, ജീവിത നിലവാരവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുക, സജീവവും സർഗാത്മകവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഖത്തർ നാഷനൽ ഒളിമ്പിക് കമ്മിറ്റി, ഖത്തർ ഫൗണ്ടേഷൻ, സ്പോർട്സ് ക്ലബുകൾ, വിവിധ സർക്കാർ മന്ത്രാലയങ്ങൾ, സ്വകാര്യ കമ്പനികളും ബിസിനസ് സ്ഥാപനങ്ങളും കമ്യൂണിറ്റി സംഘടനകൾ എന്നിവക്കു കീഴിൽ വിപുലമായ പരിപാടികളാണ് ചൊവ്വാഴ്ച നടക്കുക. കായികം, വിനോദം, രാജ്യത്തിന്റെ സംസ്കാരം എന്നിവ കോർത്തിണക്കിയ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഖത്തറിലുടനീളമുള്ള പൊതു പാർക്കുകൾ, സ്പോർട്സ് മൈതാനങ്ങൾ, ബീച്ചുകൾ എന്നിവ കായിക മത്സരങ്ങൾക്കും ഫിറ്റ്നസ് പരിപാടികൾക്കുമായി തുറന്നു നൽകും.
ഓട്ടം, ഗെയിമുകൾ, ഫുട്ബാൾ, ബാസ്കറ്റ്ബാൾ, ടെന്നീസ്, തൈക്വാൻഡോ, സൈക്ലിങ്, നീന്തൽ തുടങ്ങി വിപുലമായ കായിക ഇനങ്ങൾ നടക്കും. പൗരന്മാരും താമസക്കാരും ഉൾപ്പെടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും കായിക വിനോദങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടാൻ നിരവധിയാർന്ന കായികവേദികളും ഒരുക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച ഖത്തറിൽ പൊതു അവധി
ദോഹ: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 10 ചൊവ്വാഴ്ച ഖത്തറിൽ പൊതു അവധി. അമിരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും സ്കൂളുകളും ഉൾപ്പെടെ രാജ്യത്തെ മുഴുവൻ ജനങ്ങളും പങ്കാളികളാകുന്നതാണ് ഖത്തറിന്റെ കായിക ദിനം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി, 2011ലെ അമീരി ഉത്തരവ് പ്രകാരം എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്.
ദോഹ: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 10 ചൊവ്വാഴ്ച ഖത്തറിൽ പൊതു അവധി. അമിരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും സ്കൂളുകളും ഉൾപ്പെടെ രാജ്യത്തെ മുഴുവൻ ജനങ്ങളും പങ്കാളികളാകുന്നതാണ് ഖത്തറിന്റെ കായിക ദിനം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി, 2011ലെ അമീരി ഉത്തരവ് പ്രകാരം എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്.
വായനക്കൊപ്പം ദേശീയ കായിക ദിനം
ദോഹ: രാജ്യമെങ്ങും ദേശീയ കായിക ദിനം ആഘോഷിക്കുമ്പോൾ, സാഹിത്യ -പഠന കൃതികളിലൂടെ കായിക ലോകത്തെ പര്യവേക്ഷണം ചെയ്യാൻ പുസ്തക പ്രേമികളെ ക്ഷണിച്ച് ഖത്തർ നാഷനൽ ലൈബ്രറി. ഖത്തറിന്റെ പരമ്പരാഗത കായിക പൈതൃകം മുതൽ ആരോഗ്യത്തെയും ശാരീരിക ക്ഷമതയെയും കുറിച്ചുള്ള ആഗോള വീക്ഷണങ്ങൾ വരെ വിവരിക്കുന്ന കൃതികളുടെ ശേഖരം ഖത്തർ നാഷനൽ ലൈബ്രറി വായനക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
ആരോഗ്യകരമായ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ക്ഷേമത്തിനും കായിക മികവിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കായിക പ്രേമികൾക്കും ഗവേഷകർക്കും മറ്റു താൽപര്യമുള്ളവർക്കും ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ള പുസ്തകങ്ങൾ ശേഖരിക്കാം.
ഗ്ലോബൽ റിഥം കൾചറൽ ക്ലബ്ബിന്റെ കായിക പരിപാടികൾ
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രവാസി സമൂഹത്തിനായി വിപുലമായ കായിക പരിപാടികൾ ഒരുക്കി ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ് ഖത്തർ.
'ഒന്നിച്ചു നടക്കാം, ആരോഗ്യത്തോടെ ജീവിക്കാം' എന്ന മുദ്രാവാക്യമുയർത്തി ചൊവ്വാഴ്ച രാവിലെ ഏഴിന് ഉമ്മുൽ സനീം പാർക്കിൽ പരിപാടി നടക്കും. പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും കായിക വിനോദങ്ങളെ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിനും പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വ്യത്യസ്തങ്ങളായ ഗെയിമുകൾ, വിനോദങ്ങൾ, വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന പ്രഭാഷണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: പരിപാടിയിൽ 7111 7954, 7010 7833, 6605 9307.
ഒളിമ്പിക് കമ്മിറ്റി ഹാഫ് മാരത്തൺ
ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ ഹാഫ് മാരത്തണിന് കായിക ദിനത്തിൽ നടക്കും. ചൊവ്വാഴ്ച ലുസൈൽ ബൊളിവാർഡ് വേദിയാകുന്ന മാരത്തണിൽ നൂറിലേറെ രാജ്യക്കാരായ ആയിരങ്ങൾ ഓടാനിറങ്ങും. 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കി.മീ, അഞ്ച് കി.മീ, ഒരു കിലോമീറ്റർ ഫൺ റൺ എന്നീ ഇനങ്ങളിലായി വിവിധ പ്രായവിഭാഗങ്ങളിലുള്ളവർക്ക് മത്സരം നടക്കുക. ഹാഫ് മാരത്തൺ രാവിലെ ആറിന് ആരംഭിക്കും, തുടർന്ന് 10 കിലോമീറ്റർ ഓട്ടം രാവിലെ 7:00നും 5 കി.മീ ഓട്ടം രാവിലെ 7:30 നും ആരംഭിക്കും. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് വൻ തുകയാണ് സമ്മാനമായി നൽകുന്നത്. കാണികളായി എത്തുന്നവർക്ക് ദേശീയ കായിക ഫെഡറേഷനുകളുമായി സഹകരിച്ച് ക്യു.ഒ.സി നിരവധി കായിക വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഇൻകാസ് ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി 13ന്
ദോഹ: ഇൻകാസ് ഖത്തർ പാലക്കാട് ജില്ല കമ്മിറ്റി ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ‘സ്മാഷ് ഫിയസ്റ്റ 2K26’ 13ന് ഉച്ചക്ക് ഒരു മുതൽ രാത്രി 10 വരെ മിസൈമിറിലെ ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂൾ ക്ലോബർ സ്പോർട്സ് സെന്ററിൽ നടക്കും.
പുരുഷ ഡബിൾസിൽ ഓപൺ, എ, സി, ഡി, ഇ വിഭാഗങ്ങളിലും, മിക്സഡ് ഡബിൾസ് ബി വിഭാഗത്തിലും മത്സരങ്ങൾ നടക്കും. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും സമ്മാനങ്ങളും ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്. ഖത്തറിൽ സ്ഥിരതാമസക്കാരായ എല്ലാ രാജ്യക്കാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ അവസാന തീയതി ഫെബ്രുവരി 11. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 5530 5498, 6647 6336, 3330 9332.
പഞ്ചഗുസ്തിയുമായി സഫാരി മാൾ
ദോഹ: ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് വിപുലമായ കായിക മത്സരങ്ങളും ആഘോഷങ്ങളുമായി സഫാരി ഗ്രൂപ്. ഫെബ്രുവരി 10ന് സഫാരിയുടെ വിവിധ ഔട്ടുലെറ്റുകളിലായി വൈവിധ്യമാര്‍ന്ന മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. കായിക ദിനാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം സഫാരി മാള്‍ അബു ഹമൂറില്‍ നടക്കുന്ന ആവേശകരമായ ഏഴാമത് പഞ്ചഗുസ്തി മത്സരമാണ്. കഴിഞ്ഞ ആറ് സീസണുകളിലും ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ച പഞ്ചഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനും വിജയികളെ പ്രോത്സാഹിപ്പിക്കാനുമായി നൂറുകണക്കിന് കായിക പ്രേമികളാണ് സഫാരി മാളിലെത്തിയത്. അബു ഹമൂര്‍ സഫാരി മാളില്‍ നടക്കുന്ന ഇത്തവണത്തെ പഞ്ചഗുസ്തി മത്സരം ഭാരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിക്കുന്നത്. 80 കിലോയില്‍ താഴെ ഭാരമുള്ളവര്‍ കാറ്റഗറി എ വിഭാഗത്തിലും 80 കിലോക്ക് മുകളിലുളളവര്‍ കാറ്റഗറി ബി യിലും മത്സരിക്കും.
ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2,500 റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് 1500 റിയാലും മൂന്നാം സ്ഥാനക്കാര്‍ക്ക് 1,000 റിയാലും സമ്മാനം ലഭിക്കും. 18 വയസ്സിനു മുകളിലുളള പുരുഷന്മാര്ക്ക് മാത്രമായുള്ള മത്സരത്തില്‍ എല്ലാ രാജ്യക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഫെബ്രുവരി 10ന് വൈകീട്ട് നാലു മുതല്‍ അഞ്ചു വരെ അബൂ ഹമൂർ സഫാരി മാളില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് മത്സരിക്കാന്‍ അവസരമുണ്ടാവുക. അഞ്ച് മണിക്ക് മത്സരം ആരംഭിക്കും. കൂടാതെ സഫാരിയുടെ വിവിധ ശാഖകളില്‍ ‘ഹാങ് ഓണ്‍ ബാലന്‍സ്’ എന്ന മത്സരവും കായിക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
സഫാരി മാൾ അബൂ ഹമൂര്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ഖോര്‍, ബര്‍ക്കത്ത് അല്‍ അവാമിര്‍, എസ്ദാൻ മാള്‍ അല്‍ ഗറാഫ എന്നിവിടങ്ങളിലാണ് ഈ മത്സരം നടക്കുക.
ഫെബ്രുവരി 10 ന് രാവിലെ ഒമ്പതു മുതൽ രാതി 10 വരെ നീളുന്ന ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സഫാരി ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിലേക്ക് ഖത്തറിലെ മുഴുവന്‍ കായിക പ്രേമികളെയും സ്വഗതം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു.
എജുക്കേഷൻ സിറ്റി റൺ
നാഷനൽ സ്പോർട്സേ് ഡേയോടനുബന്ധിച്ച് എല്ലാ പ്രായക്കാർക്കുമായുള്ള കായികാഘോഷ പരിപാടിക്ക് എജുക്കേഷൻ സിറ്റി സ്റ്റേഡിയം വേദിയാകും. 800 മീറ്റർ മിനി കിഡ്സ് ഓട്ടം മുതൽ മുതിർന്നവർക്കുള്ള 10കി.മീ മാരത്തൺ വരെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ 10ന് രാവിലെ ഏഴുമുതൽ ആരംഭിക്കും. ഓപൺ, മാസ്റ്റേഴ്സ്, ഇന്റർമീഡിയറ്റ്, സെക്കൻഡറി, പ്രൈമറി, മിനി കിഡ്സ് ഡിവിഷനുകൾ ഉൾപ്പെടെ ഒന്നിലധികം പ്രായ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. ഓരോ വിഭാഗത്തിലും ആദ്യമായി ഫിനിഷ് ചെയ്യുന്ന പുരുഷ -വനിതാ താരങ്ങൾക്ക് അവാർഡുകൾ സമ്മാനിക്കും. രജിസ്റ്റർ ചെയ്തവർ ഒരുദിവസം മുന്നേ ബിബ്, ടീ ഷർട്ട് എന്നിവ ഖത്തർ ഫൗണ്ടേഷൻ ഓഫിസിലെത്തി ശേഖരിക്കേണ്ടതാണ്.
ആഘോഷത്തിന് മാറ്റുകൂട്ടാൻ ആഭ്യന്തര മന്ത്രാലയം
ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന കായിക പരിപാടികൾ സ്റ്റേഡിയം 974ൽ നടക്കും. ശാരീരിക ക്ഷമത, ടീം വർക്ക്, കമ്യൂണിറ്റി ആക്റ്റിവിറ്റി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.
വ്യക്തികൾ, കുടുംബങ്ങൾ, കുട്ടികൾ എന്നിവരെ ലക്ഷ്യംവെച്ചുള്ള 4 കി.മീ, 1 കി.മീ ഓട്ടം എന്നിവ അടക്കം വിവിധ പരിപാടികളാണ് സ്റ്റേഡിയം 974ൽ നടക്കുക.
സിവിൽ ഡിഫൻസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന സിവിൽ ഡിഫൻസ് ആക്ടിവേഷൻ, ടീം വർക്കിലും സഹിഷ്ണുതയിലും രക്ഷാപ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോസ്റ്റ് ഗാർഡ് അവതരണം എന്നിവയും ഒരുക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ള ശാരീരിക ക്ഷമതയുള്ളവർക്ക് രജിസ്ട്രേഷൻ പൂർത്തീകരിച്ച് മത്സരങ്ങളിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.