ദോഹ: യുവാക്കളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതും അവർക്ക് ആവശ്യമായ പരിസ്ഥിതി ജ്ഞാനം പകർന്നു നൽകുന്നതും രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാൻ പ്രാപ്തിയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ അത്യന്താപേക്ഷിതമാണെന്ന് ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ പ്രസ്താവിച്ചു. പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഇത് വലിയ പിന്തുണയേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രാലയം സംഘടിപ്പിച്ച മൂന്നാമത് സമ്മർ എൻവയോൺമെന്റൽ ക്ലബ്ബ് പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളെയും വിവിധ സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പരിസ്ഥിതിയുടെ കാവൽക്കാർ’എന്ന പ്രമേയത്തിൽ രണ്ടാഴ്ച നീണ്ടുനിന്ന പരിപാടിയിൽ 11 മുതൽ 17 വയസ്സ് വരെ പ്രായമുള്ള 26 വിദ്യാർഥികളാണ് പങ്കെടുത്തത്. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കാളിത്ത സ്ഥാപനങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. തിയററ്റിക്കൽ അറിവുകൾക്കൊപ്പം പ്രായോഗിക പരിചയവും നൽകുന്ന വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നതിലുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ സമ്മർ ക്ലബ്ബിലൂടെ പ്രതിഫലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചും ജൈവവൈവിധ്യം നിലനിർത്താൻ രാജ്യം നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാൻ ഇത് അവസരമൊരുക്കി.
പരിസ്ഥിതി സംരക്ഷണം എന്നത് ഒരു നിത്യജീവിതചര്യയും കൂട്ടായ ഉത്തരവാദിത്തവുമായി മാറുന്നതിന് മുമ്പ്, അത് അറിവിൽ നിന്നും അവബോധത്തിൽ നിന്നുമാണ് ആരംഭിക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വർക്ക്ഷോപ്പുകളിലും ഫീൽഡ് സന്ദർശനങ്ങളിലും വിദ്യാർത്ഥികൾ പ്രകടിപ്പിച്ച ആവേശവും പങ്കാളിത്തവും യുവതലമുറയിൽ വളർന്നുവരുന്ന പരിസ്ഥിതി ബോധത്തെയും ദേശീയ ഉദ്യമങ്ങളിൽ പങ്കാളികളാകാനുള്ള അവരുടെ സന്നദ്ധതയെയുമാണ് കാണിക്കുന്നത്. യുവതലമുറയെ പരിസ്ഥിതി വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും പരിചയപ്പെടുത്തുന്ന ട്രെയിനിംഗ് പ്രോഗ്രാമുകളിൽ ഉൾപ്പെടുത്താൻ മന്ത്രാലയം സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ടാഴ്ചത്തെ ക്യാമ്പിൽ പരിസ്ഥിതി ഫോട്ടോഗ്രാഫി, റീസൈക്ലിംഗ്, പരിസ്ഥിതി പരിശോധന, സമുദ്ര ജൈവവൈവിധ്യം, റേഡിയേഷന്റെ സുരക്ഷിതമായ ഉപയോഗം, ഹൂബാര പാവുകളുടെ പ്രജനനം, അപകടകരമായ അവശിഷ്ടങ്ങൾ കണ്ടെത്തൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വർക്ക്ഷോപ്പുകളും ഫീൽഡ് സന്ദർശനങ്ങളും ഉൾപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികളുടെ പ്രായോഗിക അറിവ് വർധിപ്പിക്കുന്ന രീതിയിലാണ് ഈ പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.